പത്തനംതിട്ടയിലെ അങ്കണവാടികള്‍ ഇനി സ്മാര്‍ട്ടാകും

post

പത്തനംതിട്ട: നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ (എന്‍.എന്‍.എം.) സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തകര്‍ക്ക് സ്മാര്‍ട്‌ഫോണ്‍ നല്‍കുന്നു. ഇതിന്റെ ആദ്യ ഘട്ടമായി സ്മാര്‍ട്ട് ഫോണ്‍ കോണ്‍ഫിഗറേഷന്‍ രണ്ട് ദിവസമായി പത്തനംതിട്ട മണ്ണില്‍ റീജന്‍സിയില്‍ നടന്നു. 

നാഷണല്‍ ന്യൂട്രിഷന്‍ മിഷന്റെ പ്രതിനിധികളും വനിതാ ശിശുവികസന വകുപ്പിന്റെ പ്രവര്‍ത്തകരും ചേര്‍ന്ന് കോണ്‍ഫിഗറേഷന്‍ പൂര്‍ത്തിയാക്കി. മാസ്റ്റര്‍ ട്രെയിനിംഗ് നവംബര്‍ 22 മുതല്‍ തിരുവന്തപുരത്ത് ആരംഭിക്കും. കോണ്‍ഫിഗറേഷന്‍ പൂര്‍ത്തിയായ 1,350 മൊബൈല്‍ ഫോണുകള്‍ ജില്ലയിലെ 12 പ്രൊജക്ടുകളിലേക്കും നല്‍കി. ഡിസംബര്‍ ആദ്യവാരം ട്രെനിംഗിന് ശേഷം അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് ഫോണ്‍ ലഭ്യമാക്കും. അതോടൊപ്പം ഡിസംബറില്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് സര്‍വേ പൂര്‍ത്തിയാക്കും. 

ട്രെയിനിങ്ങില്‍ ജില്ലാ ഓഫീസര്‍ എല്‍. ഷീബ, ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജീഷ് കുമാര്‍, നാഷണല്‍ ന്യൂട്രിഷന്‍ കോര്‍ഡിനേറ്റര്‍ ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.