വിശന്ന് വിറങ്ങലിച്ച് കൊക്കുകള്‍; ആശ്വാസവുമായി മൃഗസംരക്ഷണ കേന്ദ്രം

post

കൊല്ലം : നീണ്ടകര ഫിഷ് ഹാര്‍ബര്‍ അടച്ചതിനെ തുടര്‍ന്ന്പട്ടിണികൊണ്ട് അവശരായ കൊക്കുകള്‍ക്ക് ആശ്വാസവുമായി മൃഗസംരക്ഷണ വകുപ്പ്. കൊക്കുകളില്‍ ഒന്നു രണ്ടെണ്ണം  തീര്‍ത്തും അവശരായി ഹാര്‍ബര്‍ പ്ലാറ്റ്ഫോമില്‍  കിടന്നതിനെ തുടര്‍ന്ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പൊലീസാണ് വിവരം എത്തിച്ചത്.

വെറ്ററിനറി കേന്ദ്രത്തിലെ ഡിസീസ് കണ്‍ട്രോള്‍ സെല്ലില്‍ നിന്നും ഡോക്ടര്‍മാരെത്തി കൊക്കുകളെ പരിശോധിച്ചു. ബ്ലൂ ഹെറോണ്‍ ഇനത്തില്‍പ്പെട്ട ഇരുപതോളം കൊക്കുകള്‍ ഹാര്‍ബര്‍ പരിസരത്തും സമീപത്തെ മരങ്ങളിലും അവശരായി കണ്ടെത്തി. ഇതിനിടെ ചത്തുപോയ ഒരു  കൊക്കിനെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ക്ലിനിക്കല്‍ ലാബറട്ടറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ആഹാരം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ അവശതയും നിര്‍ജ്ജലീകരണവുമാണ് മരണകാരണം എന്നു കണ്ടെത്തി.

കടല്‍ത്തീര കൊക്കുകളായ ബ്ലൂ ഹെറോണ്‍ തീരത്തെ ആവാസ വ്യവസ്ഥയോട് മാത്രം പൊരുത്തപ്പെടുന്നവരാണ്. ഉള്‍ക്കടലിലോ നാട്ടിലേക്കോ തീറ്റ തേടിപ്പോകാറില്ല. അവശരാകുന്ന ഇവരെ തെരുവ് നായ്ക്കളും ആക്രമിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അവര്‍ക്ക് സുരക്ഷയും തീറ്റയും ശുദ്ധജലവും ആവശ്യമാണെന്ന് കണ്ടെത്തി. വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച ജീവനുള്ള കൊക്കിന് ചാളത്തീറ്റകള്‍ നല്‍കി. പരിശോധനകള്‍ക്ക് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ കെ കെ തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ഡി.ഷൈന്‍കുമാര്‍, ഡോ. സൈറ റാണി, ഡോ. നിജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി