സ്പെഷ്യല്‍ ഓഫീസര്‍ കൊറോണ പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്തി

post

കാസര്‍കോട് :ജില്ലയില്‍ കൊറോണ പ്രതിരോധ  സംവിധാനങ്ങളുടെ ഭാഗമായുള്ള സജ്ജീകരണങ്ങള്‍ സ്പെഷ്യല്‍ ഓഫീസര്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ്മ സന്ദര്‍ശിച്ച് വിലയിരുത്തി.ഇതിന്റെ ഭാഗമായി അതിയാമ്പൂര്‍ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിലെ കമ്മ്യൂണിറ്റി കിച്ചന്‍ സന്ദര്‍ശിച്ച സ്പെഷ്യല്‍ ഓഫീസര്‍,  ഇവിടുത്തെ ശുചിത്വം, ഭക്ഷണ സാധനങ്ങളുടെ ഗുണ നിലവാരം അടക്കം പരിശോധിച്ചു. തുടര്‍ന്ന് ആവിക്കരയില്‍ 40 ഓളം അതിഥി തൊഴിലാളികള്‍ താമസിക്കുന്ന  പ്രദേശം  സന്ദര്‍ശിച്ച്, കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തെരുവോരത്ത് താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ച കാഞ്ഞങ്ങാട് ടൗണ്‍ ഹാളും സന്ദര്‍ശിച്ചു. കാഞ്ഞങ്ങാട്  നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍  അനുഗമിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കൊറോണ കണ്‍ട്രോള്‍ സെല്ലും  സന്ദര്‍ശിച്ച്, പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍( ആരോഗ്യം) ഡോ എ വി രാംദാസ് കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം വിശദമാക്കി. കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിക്കുന്നതിന് കൊറോണ കെയര്‍ സെന്ററായി  മാറ്റിയ പടന്നക്കാട്ടെ കേന്ദ്രസര്‍വ്വകലാശാല പഴയ കെട്ടിടത്തിലെ  ഒരുക്കങ്ങളും വിലയിരുത്തി.  നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിലെ  കമ്മ്യൂണിറ്റി കിച്ചനും സന്ദര്‍ശിച്ചു.ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എം  രാജഗോപാലന്‍ എം എല്‍ എയ്ക്കും,നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രെഫ  കെ പി ജയരാജനും ഒപ്പം സ്പെഷ്യല്‍ ഓഫീസര്‍,ഇവിടെ നിന്നും ഉച്ച ഭക്ഷണവും കഴിച്ചു.

പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ കൊവിഡ് 19 ഫലം നിര്‍ണ്ണയം നടത്തുന്നതിന്  സജ്ജീകരിച്ച വൈറോളജി ലാബിലെത്തി സ്പെഷ്യല്‍ ഓഫീസര്‍ കാര്യങ്ങള്‍ വിലയിരുത്തി. സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍,ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എം മണിരാജ്  എന്നിവര്‍ അനുഗമിച്ചു.