നിര്‍മാണ തൊഴിലാളികള്‍ക്ക് 200 കോടിയുടെ ധനസഹായ പാക്കേജ്

post

തിരുവനന്തപുരം :  കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കെട്ടിട നിര്‍മാണവും, അനുബന്ധമേഖലകളിലും ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളികളെ സഹായിക്കുന്നതിനായി കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 200 കോടി രൂപയുടെ ധനസഹായ പാക്കേജ് പ്രഖ്യാപിച്ചതായി ബോര്‍ഡ് ചെയര്‍മാന്‍ വി. ശശികുമാര്‍ അറിയിച്ചു.

ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവരും 2018ലെ രജിസ്ട്രേഷന് പുതുക്കല്‍ നടത്തിയവരുമായ എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും 1000 രൂപ വീതം ധനസഹായം നല്‍കും.  തുക തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.  15 ലക്ഷം തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്ക് മാരകരോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 2000 രൂപ വീതം ധനസഹായമായി അനുവദിക്കും.  ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് അടിയന്തരമായി പെന്‍ഷന്‍ തുക വിതരണം ചെയ്യും.

ആനുകൂല്യം ലഭിക്കുന്നതിനു തൊഴിലാളികള്‍ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് ഇ-മെയില്‍, വാട്സ് ആപ്പ് മുഖേന അപേക്ഷ സമര്‍പ്പിക്കണമെന്ന് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. അതിഥി തൊഴിലാളികളെ പുനരധിവസിപ്പിച്ചിരിക്കുന്ന ക്യാമ്പുകളിലേക്ക് അവശ്യസേവനം ലഭ്യമാക്കുന്നതിലേക്കായി രണ്ടു കോടി രൂപ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ നിന്ന് ലേബര്‍ കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.