അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ എപിഡമിക് ആക്ട് പ്രകാരം കേസെടുക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ കാലയളവില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ എപിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . അനാവശ്യമായി പുറത്തിറങ്ങിയ 22,338 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12883 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. റേഷന്‍ വിതരണത്തിന്റെ ആദ്യ ദിനത്തില്‍ 14.5 ലക്ഷം പേര്‍ക്ക് റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യം വിതരണം ചെയ്തു. 21,472 മെട്രിക് ടണ്‍ അരിയാണ് നല്‍കിയത്. അരിയുടെ അളവില്‍ കുറവുണ്ടായതായി ഒറ്റപ്പെട്ട പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.

കേരളത്തില്‍ 1.80 ലക്ഷം ലിറ്റര്‍ പാല്‍ മിച്ചംവരുന്ന അവസ്ഥയില്‍ പാല്‍പ്പൊടി നിര്‍മിക്കാന്‍ തമിഴ്നാടിന്റെ സഹായം തേടിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രതിദിനം 50000 ലിറ്റര്‍ പാല്‍ ഈറോഡ് പാല്‍പ്പൊടി ഫാക്ടറിയില്‍ സ്വീകരിക്കാമെന്ന് തമിഴ്നാട് ക്ഷീരഫെഡറേഷന്‍ അറിയിച്ചു. കൂടുതല്‍ പാല്‍ സ്വീകരിക്കാന്‍ ശ്രമിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ നടപടിയില്‍ തമിഴ്നാട് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച മുതല്‍ മില്‍മയുടെ പാല്‍ സംഭരണം വര്‍ധിക്കും. പാല്‍ അംഗന്‍വാടികള്‍ മുഖേന വിതരണം ചെയ്യാനും അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ നല്‍കാനും നടപടി സ്വീകരിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ശൃംഖല വഴി പാല്‍ വിതരണം ചെയ്യാന്‍ സംവിധാനമുണ്ടാവും. ജനങ്ങള്‍ കൂടുതല്‍ പാല്‍ വാങ്ങി ക്ഷീരകര്‍ഷകരെ സഹായിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ക്വാറന്റൈനില്‍ കഴിയുന്നവരുടെ ക്ഷേമ പെന്‍ഷനുകള്‍ ബന്ധപ്പെട്ട ബാങ്കുകളില്‍ സൂക്ഷിക്കുമെന്ന് ക്വാറന്റൈന്‍ കാലയളവിനുശേഷം പണം വാങ്ങാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള സൗജന്യ അരി വീടുകളിലെത്തിക്കും. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. ബുധനാഴ്ച 2153 ട്രക്കുകള്‍ സാധനങ്ങളുമായെത്തി. കര്‍ണാടകവുമായുള്ള അതിര്‍ത്തിയിലെ പ്രശ്നം നിലനില്‍ക്കുന്നു. മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് പോകാന്‍ കഴിയാതെ ഏഴു പേര്‍ മരണപ്പെട്ടു.

സംസ്ഥാനത്ത് 1316 കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു. 2,70,913 പേര്‍ക്ക് ബുധനാഴ്ച ഭക്ഷണം നല്‍കി. 2,45,607 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. സന്നദ്ധസേനയിലേക്ക് ഇതുവരെ 2,01,950 പേര്‍ സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. യുവജനകമ്മീഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത 21,000 പേരും സന്നദ്ധം പോര്‍ട്ടലിന്റെ ഭാഗമാവും. സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്ട്രേഷന്‍ പഞ്ചായത്ത് അടിസ്ഥാനത്തിലാക്കും. സന്നദ്ധപ്രവര്‍ത്തനം നാടിന് മാതൃകയായി നടക്കേണ്ടതാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഇതിനിറങ്ങരുത്. അത്തരം ചിലര്‍ ഇറങ്ങിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സ്വന്തമായി ബാഡ്ജ് അടിച്ച് സ്വയംപ്രഖ്യാപിത സന്നദ്ധപ്രവര്‍ത്തകരായി നടക്കുന്നതും ഒഴിവാക്കണം. അപൂര്‍വമായെങ്കിലും വേതനം നല്‍കി സന്നദ്ധപ്രവര്‍ത്തനം നടത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടു. അത് അംഗീകരിക്കാനാവില്ല.

അതിഥി തൊഴിലാളികള്‍ക്ക് മതിയായ താമസവും ഭക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. ചില ഫാക്ടറികളിലെ അതിഥി തൊഴിലാളികള്‍ അവിടെ തന്നെ താമസിക്കുകയും അവര്‍ നല്‍കുന്ന ഭക്ഷണം കഴിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചില കമ്പനികള്‍ ഇവരെ സര്‍ക്കാരിന്റെ ഭക്ഷണ ക്യാമ്പിലേക്ക് അയയ്ക്കുന്നു. ഈ നടപടി ശരിയല്ല. നേരത്തെ നല്‍കിയിരുന്ന സൗകര്യം തൊഴിലാളികള്‍ക്ക് തുടര്‍ന്നും നല്‍കണം. തഗ്ലിബ് സമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതില്‍ പ്രത്യേക ഭയപ്പാടിന്റെ ആവശ്യമില്ല.  എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള പ്രചാരണം നടക്കുന്നതായി കാണുന്നു. സമൂഹമാധ്യമങ്ങളിലാണ് അസഹിഷ്ണുത നിറഞ്ഞ പ്രചാരണം കാണുന്നത്. രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങരുത്.

അടച്ചിട്ടിരിക്കുന്ന കടമുറികള്‍ക്ക് ഒരുമാസത്തെ വാടക ഒഴിവാക്കി നല്‍കുമെന്ന് ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ജോര്‍ദാനില്‍ കുടുങ്ങിയ സിനിമസംഘത്തിന്റെ കാര്യത്തില്‍ സംസ്ഥാനം ഇടപെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ  മന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സിനിമ സംഘത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി ഇമെയിലിലൂടെ അറിയിച്ചിട്ടുണ്ട്.

പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പിനും സമാഹരണത്തിനും തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധചെലുത്താന്‍ നടപടിയെടുത്തിട്ടുണ്ട്. പൈനാപ്പിള്‍, മാങ്ങ വിളവെടുപ്പിലെ പ്രശ്നങ്ങളില്‍ കൃഷിവകുപ്പ് നടപടി സ്വീകരിച്ചു. കുരുമുളക്, കശുഅണ്ടി തുടങ്ങിയവ വിളവെടുത്ത് കര്‍ഷകര്‍ സൂക്ഷിക്കണം. ഏലംകൃഷിക്ക് മരുന്ന് അടിക്കേണ്ട സമയമാണ്. ഇതിന് സൗകര്യമൊരുക്കും. ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി സംഭരണം നടത്തും. മത്സ്യലേലം നിരോധിച്ചിട്ടുണ്ട്. ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികള്‍ വില്‍പന വില നിശ്ചയിക്കും.

സംസ്ഥാനതലത്തില്‍ പൊതുയിടങ്ങള്‍ അണുവിമുക്തമാക്കുന്നതിന് ഫയര്‍ഫോഴ്സ് സ്തുത്യര്‍ഹമായ നടപടിയാണ് സ്വീകരിക്കുന്നത്. അത്യാവശ്യ രോഗികള്‍ക്ക് മരുന്ന് എത്തിക്കാനും ഫയര്‍ഫോഴ്സിന്റെ സേവനം വിനിയോഗിക്കും. വളരെ അകലെയുള്ള സ്ഥലങ്ങളില്‍ മരുന്ന് എത്തിക്കേണ്ട കാര്യത്തില്‍ പോലീസ് നടപടി സ്വീകരിക്കും.

വ്യാജമദ്യത്തിന്റെ ഉത്പാദനം കര്‍ശനമായി തടയും. മദ്യാസക്തി കൂടുതലുള്ളവരെ ബന്ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരും വിമുക്തി കേന്ദ്രങ്ങളിലെത്തിക്കാന്‍ ഇടപെടണം. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില എന്നിവ പരിശോധിക്കുന്നതിന് വിജിലന്‍സിനെ ചുമതലപ്പെടുത്തിയിരുന്നു. 212 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 91 പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിന് 947 പേരെ സജ്ജമാക്കിയിട്ടുണ്ട്. ഇത് വിപുലപ്പെടുത്തും. അജ്ഞതയും തെറ്റിദ്ധാരണയും ഭയവും മൂലം രോഗം മാറിയവരെ വീട്ടില്‍ കയറ്റാതിരിക്കുന്ന സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെയും ബോധവത്കരണവും കൗണ്‍സലിംഗും വേണ്ടിവരും. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങള്‍ കണ്ടെത്തി തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിലവില്‍ ചരക്ക് വിമാനങ്ങളുടെ സേവനം വിനിയോഗിക്കേണ്ടി വരും. ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താന്‍ ഉദ്ദേശിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ബാച്ചിലര്‍ താമസസൗകര്യം ഉപയോഗിക്കുന്നവര്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടാവുന്ന സ്ഥിതിയാണ്. അത്തരക്കാരെ താമസിപ്പിക്കാന്‍ അവിടങ്ങളിലെ എംബസികള്‍ സൗകര്യം ഒരുക്കുന്നകാര്യവും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരും. ലോകത്ത് പലഭാഗങ്ങളിലും മലയാളികളായ നഴ്സുമാര്‍ ജോലി ചെയ്യുന്നുണ്ട്. പലയിടത്തും ആവശ്യമായ സുരക്ഷാക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു.ഈ വിഷയവും കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്നറിയിച്ച ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍, റേഷന്‍ വ്യാപാരികള്‍, പാചകവാതക വിതരണക്കാര്‍, പോലീസ് എന്നിവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കും. കുട്ടികള്‍ക്കുള്ള വാക്സിനുകള്‍ നല്‍കുന്നതിന് ആരോഗ്യവകുപ്പ് സംവിധാനം ഒരുക്കും. കളമശേരി മെഡിക്കല്‍ കോളേജില്‍ 30 ഐ. സി. യു യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിന് ഒരു കോടി രൂപയും പത്തനംതിട്ട താലൂക്ക് ആശുപത്രിക്ക് 56 ലക്ഷം രൂപയും ബി. പി. സി. എല്‍ നല്‍കും.

ലോക്ക്ഡൗണ്‍ ആയതിനാല്‍ മാര്‍ച്ച് 31ന് വിരമിച്ചവര്‍ക്ക് യാത്രയയപ്പിന് പ്രത്യേക ചടങ്ങുകളൊന്നും ഉണ്ടായില്ല. പലരും ഒറ്റയ്ക്ക് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ചിത്രങ്ങള്‍ കണ്ടു. വിരമിച്ച എല്ലാവര്‍ക്കും ആശംസ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

പായിപ്പാട്ടെ പ്രശ്നം ആവര്‍ത്തിച്ചു കാണിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞു നിന്നു. അതിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് ആദ്യമേ പറഞ്ഞ ഒരു ചാനലിനു നേരേ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം ഉണ്ടായതായി പരാതിയുണ്ട്. പരാതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.