അതിഥി തൊഴിലാളികളുടെ സൗകര്യങ്ങള്‍ വിലയിരുത്തി ജില്ലാകളക്ടറും എസ്.പി.യും

post

അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യസാമഗ്രികള്‍ ക്യാമ്പുകളില്‍ എത്തിച്ചു

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പണിയില്ലാതെ ക്യാമ്പുകളില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യ സാമഗ്രികള്‍ അവരുടെ ക്യാമ്പുകളില്‍ എത്തിക്കുന്ന നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഇതിനിടയില്‍ അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ ജില്ല കളക്ടര്‍ എം.അഞ്ജനയും ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫും മണ്ണഞ്ചേരിയിലെ രണ്ടു ക്യാമ്പുകളും വാരനാട്, കലവൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. കരാറുകാര്‍ തൊഴിലാളികളെ ഒന്നിച്ച് താമസിപ്പിക്കുന്ന ക്യാമ്പുകളും ഒറ്റപ്പെട്ട് തൊഴില്‍ ചെയ്യുന്ന അതിഥി തൊഴിലാളികളുടെ താമസ സ്ഥലവും സന്ദര്‍ശിച്ച് വിലയിരുത്തി. നിലവില്‍ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് അതിഥി തൊഴിലാളികള്‍ അറിയിച്ചു.

ബുധനാഴ്ച ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളില്‍ നിന്നും ആവശ്യാനുസരണം ഭക്ഷ്യ സാമഗ്രികള്‍ വില്ലേജ് ഓഫീസുകള്‍ വഴി അതിഥി തൊഴിലാളികള്‍ കൂട്ടമായി തങ്ങുന്ന ക്യാമ്പുകളില്‍ എത്തിച്ചു . കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും വാങ്ങിയ ഭക്ഷ്യ സാമഗ്രികള്‍ കഴിഞ്ഞ ദിവസം തന്നെ താലൂക്ക് ഓഫീസുകളില്‍ എത്തിച്ചിരുന്നു.

ബുധനാഴ്ച രാവിലെ തഹസില്‍ദാര്‍മാരുടെയും വിവിധ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലേക്ക് ഭക്ഷ്യ സാമഗ്രികള്‍ എത്തിച്ചു തുടങ്ങി. വടക്കേ ഇന്ത്യക്കാര്‍ക്ക് അനുയോജ്യമായ ഭക്ഷ്യവസ്തുക്കളാണ് എത്തിക്കുന്നത്. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് റവന്യു വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ വാഹനത്തില്‍ സാമഗ്രികള്‍ ക്യാമ്പുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ചെറുപയര്‍, കടല , പരിപ്പ്, ഉഴുന്ന്, തേയില, വെളിച്ചെണ്ണ, ആട്ട, കിഴങ്ങ്, സവോള ഉള്‍പ്പെടെ 13 ഭക്ഷ്യ സാമഗ്രികളാണ് വിതരണം ചെയ്യുന്നത്. അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫീസില്‍ നിന്നുള്ള ആദ്യ വിതരണത്തിന് എല്‍ ആര്‍ തഹസില്‍ദാര്‍ സി പ്രേംജി നേതൃത്വം നല്‍കി.

അമ്പലപ്പുഴ താലൂക്കില്‍ 700 പേര്‍ക്കുള്ള ഭക്ഷ്യ സാമഗ്രികളും കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആയിരം പേര്‍ക്ക് ഉള്ളതും കുട്ടനാട് താലൂക്കില്‍ 250 പേര്‍ക്ക് ഉള്ളതും ചേര്‍ത്തലയില്‍ 700 പേര്‍ക്കുള്ളതും മാവേലിക്കരയിലും ചെങ്ങന്നൂരും ആയി 2000 പേര്‍ക്കുള്ളതുമായ ഭക്ഷ്യ സാമഗ്രികളാണ് എത്തിച്ചിട്ടുള്ളതെന്ന് അതിഥി തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച നോഡല്‍ ഓഫീസര്‍ പി.പി.ഉദയസിംഹന്‍ പറഞ്ഞു. കൂടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള കോള്‍ സെന്ററും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ബുധനാഴ്ച പത്തോളം കോളുകള്‍ എത്തി. ഇതില്‍ ഭക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കോളുകള്‍ക്ക് അതിനുള്ള പരിഹാരം കണ്ടു.