മന്ത്രിമാര്‍ ഒരു ലക്ഷം വീതം ദുരിതാശ്വാസ നിധിയിലേക്കു നല്‍കും

post

തിരുവനന്തപുരം : കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം സംഭാവന ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള സാലറി ചലഞ്ചില്‍ പാര്‍ട്ട് ടൈം ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നില്ല.  ഇക്കാര്യം പ്രത്യേകം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

92,423 രൂപയാണ് മന്ത്രിമാര്‍ക്കു പ്രതിമാസം ശമ്പളമായി ലഭിക്കുന്നത്. ഇത് ഒരു ലക്ഷം രൂപയാക്കി എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്നാണു തീരുമാനിച്ചിട്ടുള്ളത്. ദുരിതാശ്വാസ നിധിയിലേക്കു ദേശാഭിമാനി ദിനപത്രത്തിലെ ജീവനക്കാരുടെ സംഭാവനയായി 1.7 കോടി രൂപ ലഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യുസഫ്അലി ഡല്‍ഹിയില്‍നിന്ന് ഒരു ലക്ഷം മാസ്‌ക് വാങ്ങി എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.