ജില്ലയിലെ 295 പട്ടികവര്‍ഗ കോളനികളിലും ഭക്ഷ്യവസ്തുക്കളുടെ വിതരണം ആരംഭിച്ചു.

post

പാലക്കാട് : കോവിഡ് 19 മായി ബന്ധപ്പെട്ട് അട്ടപ്പാടി ഒഴികെയുള്ള ജില്ലയിലെ 295 പട്ടികവര്‍ഗ കോളനികളിലും ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും കിടപ്പു രോഗികളുമായ 1990 പേര്‍ക്ക് പോഷക ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തുവരുന്നതായി ജില്ലാ ട്രൈബല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ മൂന്ന് കിലോ നുറുക്ക് ഗോതമ്പ്, ശര്‍ക്കര, ചെറുപയര്‍, വന്‍പയര്‍, കടല എന്നിവ അരക്കിലോ വീതം, അരലിറ്റര്‍ വെളിച്ചെണ്ണ, കുളിക്കാനും അലക്കാനുമുള്ള സോപ്പ് എന്നിവ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ ഭക്ഷ്യ കിറ്റിനു പുറമെ പട്ടികവര്‍ഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചുള്ള ഭക്ഷ്യസഹായ  പദ്ധതിയിലുള്‍പ്പെടുത്തി 15 കിലോ അരി, ഒരു കിലോ വീതം ചെറുപയര്‍/ വന്‍പയര്‍, കടല, ഒരു ലിറ്റര്‍ വെളിച്ചെണ്ണ അടങ്ങുന്ന കിറ്റുകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്. 6007 കുടുംബങ്ങള്‍ക്കാണ് ഈ കിറ്റുകള്‍ നല്‍കുന്നത്. കൂടാതെ, പട്ടികവര്‍ഗ കോളനികളില്‍ കോവിഡ് 19 മായി ബന്ധപ്പെട്ട്  ജനങ്ങള്‍ക്ക് തമിഴ്, മലയാളം ഭാഷകളില്‍ നോട്ടീസ് വിതരണം ചെയ്യുകയും പട്ടികവര്‍ഗ വകുപ്പിന്റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ മുഖേന രോഗം സംബന്ധിച്ച് വിവരങ്ങള്‍, രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, എങ്ങനെ ഹാന്റ് വാഷ്, സാനിറ്റെസര്‍ എന്നിവ ഉപയോഗിക്കാം തുടങ്ങിയവ സംബന്ധിച്ച  പ്രചാരണവും നടത്തിവരുന്നതായി ജില്ലാ ട്രൈബല്‍ ഓഫീസര്‍ അറിയിച്ചു.