കോവി‍ഡ്: സംശയമകറ്റി കണ്‍ട്രോള്‍ റൂമുകള്‍

post

ആലപ്പുഴ: 'ഹലോ..കണ്‍ട്രോള്‍ റൂമല്ലേ. എന്റെ ഭാര്യ ക്വാറന്റൈനിലാണ്. പക്ഷേ ഇറങ്ങി നടക്കുന്നു'. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കളക്ട്രേറ്റില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമില്‍ മാര്‍ച്ച് ആദ്യ പകുതിയില്‍ വന്ന കോളാണിത്. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് അധികൃതര്‍ നിരീക്ഷണത്തിലുള്ള വ്യക്തിയെ ബന്ധപ്പെടുകയും ക്വറന്റൈനില്‍ തുടരുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പറഞ്ഞ് മനസിലാക്കുകയും ചെയ്തു. ഇത്തരം നിരവധി കോളുകളാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിരന്തരം ലഭിക്കുന്നത്.

ഭയവും ആകുലതയുമായി വിളിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതിനൊപ്പം ഇവരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കിയാണ് ഓരോ കോളും അവസാനിപ്പിക്കുന്നത്. നിരീക്ഷണത്തിലിരിക്കുന്നവരെ സംബന്ധിച്ച് അവരുടെ സമീപവാസികളുടെ കോളുകള്‍ തുടങ്ങി നിരവധി രീതിയിലുള്ള കോളുകളാണ് ഓരോ ദിവസവും ലഭിക്കുന്നത്. സാനിറ്റൈസറുകള്‍, മാസ്‌ക് പോലെയുള്ളവ വിപണിയില്‍ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെടുത്താനും ഇതിന്റെ വില വര്‍ദ്ധനയെക്കുറിച്ച് പരാതി പറയാനായും നിരവധി കോളുകള്‍ കണ്‍ട്രോള്‍ റൂമുകളില്‍ ലഭിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂമുകളുടേതെന്ന് പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന നമ്പറുകള്‍ ശരിയാണോയെന്നും വിളിച്ചാല്‍ എടുക്കുമോ എന്നറിയാനും ചിലയാളുകള്‍ ദിവസേന വിളിക്കുന്നുണ്ട്.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള ഓട്ടോമേറ്റഡ് കാളിങ് സംവിധാനം മുഖേന ദിവസേന ബന്ധപ്പെടുന്നുണ്ട്. കൂടാതെ മൂന്നു ദിവസത്തിലൊരിക്കല്‍ ഇവരെ നേരിട്ട് വിളിച്ചും വിവരങ്ങള്‍ അറിയുന്നുണ്ട്. സ്കൂള്‍ ഓഫ് നേഴ്സിങ്ങിലെ 22 വിദ്യാര്‍ഥികളാണ് കണ്‍ട്രോള്‍ റൂമില്‍ ഇതിനായി സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. ആരോഗ്യ വകുപ്പിലെ ഡോ. നിഥിന്‍ കബീറിനും ഡോ. ശരത്തിനുമാണ് ഇവരുടെ ചുമതല.

പൊലീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 10 സന്നദ്ധ സേവകര്‍, ഡോക്ടര്‍ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ചുമതലയുള്ള വണ്ടാനം മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ തുടങ്ങിയവരും കണ്‍ട്രോള്‍ റൂമിലുണ്ട്. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയിക്കാന്‍ പ്രത്യേക നമ്പറും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹിന്ദിയിലും തമിഴിലും മറുപടി നല്‍കുന്ന ഉദ്യോഗസ്ഥരും ഉണ്ട്.

ഡോക്ടര്‍ ഓണ്‍ലൈന്‍ കണ്‍ട്രോള്‍ റൂം നമ്പറിലും പ്രതിദിനം നിരവധി കോളുകളാണ് ലഭിക്കുന്നത്. വിദഗ്ദ ചികിത്സ ആവശ്യമെങ്കിലും അതാത് വകുപ്പ് ഡോക്ടര്‍മാര്‍ക്ക് ഈ കോളുകള്‍ കൈമാറും. നേരിട്ട് ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതിനുള്ള സൗകര്യങ്ങളും ഒരുക്കും. കഴിഞ്ഞ ദിവസം വന്ന കോളില്‍ ഒരു കുട്ടിക്ക് വയറുവേദനയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സംസാരിച്ചത്. കാള്‍ അറ്റന്റ് ചെയ്ത ഡോക്ടര്‍ വിശദ വിവരങ്ങള്‍ ചോദിച്ചറിയുകയും മരുന്നിന്റെ സ്പെല്ലിങ്ങടക്കം ഫോണിലൂടെ നിര്‍ദ്ദേശിക്കുകയും ചെയ്തു. വയറുവേദന മാറിയശേഷം ഇവര്‍ തിരിച്ച് വിളിച്ച് നന്ദിപറയാനും മറന്നില്ല.

വിവിധ കണ്‍ട്രോള്‍ റൂമുകളുടെ നമ്പര്‍ ചുവടെ -

ജില്ല കളക്ടറേറ്റ്: 0477 2239999, 0477 2251650

അതിഥി തൊഴിലാളികള്‍ക്കുള്ള കണ്‍ട്രോള്‍ റൂം: 0477 2239040

ഡോക്ടര്‍ ഓണ്‍ലൈന്‍: 0477 2961576