അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി കട്ടപ്പന നഗരസഭ

post

ഇടുക്കി: ലോക് ഡൗണില്‍  അന്യസംസ്ഥാന തൊഴിലാളികള്‍  പ്രതിസന്ധിയിലാകാതെ  അവരുടെ  ക്ഷേമം അന്വേഷിച്ചും അവശ്യസാധനങ്ങള്‍ എത്തിച്ചും കട്ടപ്പന നഗരസഭയുടെ സഹായ ഹസ്തം. നഗരസഭ ആരോഗ്യ വിഭാഗത്തിന്റയും വില്ലേജ് ഓഫീസിന്റെയും നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വിവരശേഖരണം നടത്തി. ഭക്ഷ്യസാധനങ്ങള്‍ കുറവുള്ള ഇടങ്ങളില്‍  അവശ്യസാധനങ്ങള്‍ എത്തിച്ചു നല്കി. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും എത്തിച്ച നല്കിയ സാധനങ്ങള്‍ നഗരസഭയുടെയും ആരോഗ്യ വിഭാഗത്തിന്റെയും വില്ലേജ് ഓഫീസിന്റെയും സഹകരണത്തോടെ ശേഖരിച്ച് തൊഴിലാളികളുടെ താമസസ്ഥലത്ത് എത്തിച്ചു നല്കുകയാണ്.

നഗരസഭയിലെ 34 വര്‍ഡുകളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന 200 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ദിവസം വീടുകളില്‍ ഭക്ഷണ കിറ്റ് എത്തിച്ച് നല്‍കിയിരുന്നു. ഇത്തരത്തിലുള്ളവരെ സഹായിക്കുവാന്‍ സന്മനസുള്ളവര്‍ക്ക്  ഉല്പന്നങ്ങള്‍  നഗരസഭയില്‍ എല്‍പ്പിക്കാവുന്നതാണെന്നും പണമായി സ്വീകരിക്കില്ലെന്നും ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു.