അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പരിശോധനയും ഭക്ഷ്യോല്‍പ്പന്ന വിതരണവും നടത്തി

post

ഇടുക്കി: അതിഥി തൊഴിലാളികള്‍ക്കായി പുറപ്പുഴ പഞ്ചായത്തിന്റെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ലേബര്‍ ക്യാമ്പ് പരിശോധനയും ഭക്ഷ്യോല്‍പ്പന്ന വിതരണവും നടത്തി. പഞ്ചായത്ത് പരിധിയില്‍ എട്ട് ലേബര്‍ ക്യാമ്പുകളിലായി ആകെ 167 അതിഥി തൊഴിലാളികളാണുള്ളത്. പുറപ്പുഴ സി.എച്ച്.സി. യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഖാ ശ്രീധര്‍,  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  വര്‍ഗീസ്  എന്‍. സി. എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പധികൃതര്‍ എല്ലാ ക്യാമ്പുകളിലുമെത്തി.

തൊഴിലാളികള്‍ക്കായി കൊറോണ വൈറസിനെക്കുറിച്ച് ബോധവല്‍ക്കരണവും മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും നല്‍കി. താമസ സ്ഥലത്തെ ശുചീകരണത്തിന്റെ പ്രാധാന്യം തൊഴിലാളികളെ ധരിപ്പിച്ചു. തൊഴിലാളികളെയെത്തിച്ച കരാറുകാരെയും വിളിച്ച് വരുത്തിയിരുന്നു. തൊഴിലാളികള്‍ക്കാവശ്യമായ ഭക്ഷണം, പാര്‍പ്പിടം, ശുചിത്വം  എന്നിവ നോക്കേണ്ടത് ലോഡ്ജ് ഉടമയുടേയും കോണ്‍ട്രാക്ടറുടേയും ചുമതലയാണെന്നും അത് അവര്‍ പാലിക്കണമെന്നുള്ള ഉത്തരവ് രേഖാമൂലം നല്‍കുകയും ചെയ്തു.

ക്യാമ്പുകളില്‍ അരിയുള്‍പ്പെടെയുള്ളവ ഇല്ലെന്ന പരാതി തൊഴിലാളികള്‍ പറഞ്ഞു. ഇക്കാര്യം ആരോഗ്യ വകുപ്പധികൃതര്‍ പുറപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയെ അറിയിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് അരിയുള്‍പ്പടെയുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വാങ്ങി നല്‍കുന്നതിന് തീരുമാനമെടുക്കുയും ആദ്യഘട്ടമായി ഭക്ഷണ സാമഗ്രികള്‍ വിതരണം നടത്തുകയും ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, വൈസ് പ്രസിഡന്റ് റെനീഷ് മാത്യു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമിച്ചന്‍ മുണ്ടുപാലം, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുജ സലിംകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഖാ ശ്രീധര്‍, കരിക്കുന്നം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, വില്ലേജ് ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി.