കൂടെയുണ്ട് സര്‍ക്കാര്‍,സാമൂഹ്യ സുരക്ഷ പെന്‍ഷന്‍: ജില്ലയില്‍ 26.94 കോടി രൂപ വിതരണം ചെയ്തു

post

തൃശൂര്‍ : കൂടെയുണ്ട് സര്‍ക്കാര്‍; ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങിയപ്പോള്‍ ഇത് വരെ ജില്ലയില്‍ 26.94 കോടി രൂപ പെന്‍ഷനായി നല്‍കി. 111069 ഗുണ ഭോക്താക്കള്‍ക്കാണ് ഇത് വരെ പെന്‍ഷന്‍ ലഭിച്ചത്. തൃശൂര്‍ താലൂക്കില്‍ 25707പേര്‍ക്കും, കൊടുങ്ങല്ലൂര്‍ - 7610, കുന്നംകുളം - 12395, തലപ്പിള്ളി -19578, മുകുന്ദപുരം - 20760, ചാവക്കാട് - 9748, ചാലക്കുടി - 15271 എന്നിങ്ങനെയാണ് പെന്‍ഷന്‍ ലഭിച്ചവര്‍.

കോവിഡ് 19 വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമാണ് സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ ജില്ലയില്‍ വിതരണം ചെയ്ത് തുടങ്ങിയത്. 52 കോടി രൂപയാണ് സര്‍ക്കാര്‍ അടിയന്തരമായി വിതരണം ചെയ്യുന്നത്.155 സഹകരണ സംഘങ്ങള്‍ വഴിയാണ് പെന്‍ഷന്‍ വിതരണം ചെയ്തത്. ഭൂരിഭാഗം സാധാരണക്കാരുടെയും വരുമാനം നിലച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ തുക വിപണിയില്‍ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, അവിവാഹിതരായ അമ്മമാരുടെ പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നീ ക്ഷേമപെന്‍ഷനുകളാണ് വിതരണം ചെയ്ത് തുടങ്ങിയത്. ജില്ലയില്‍ 2,20,000 ഗുണഭോക്താക്കള്‍ക്ക് ക്ഷേമപെന്‍ഷന്‍ പ്രയോജനപ്പെടും.സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി സഹകരണ സംഘങ്ങളില്‍ നിന്നും ഫണ്ട് സ്വരൂപിക്കുകയും സംസ്ഥാനതലത്തില്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. പെന്‍ഷന്‍ നല്‍കുന്നതിനായി ജില്ലയില്‍ നിന്നും ഇതുവരെ 300 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.സഹകരണ ബാങ്കുകളില്‍ 981 കളക്ഷന്‍ ഏജന്റുമാര്‍ വഴിയാണ് തുക വിതരണം ചെയ്യുന്നത്. എല്ലാവര്‍ക്കും വീടുകളില്‍ ചെന്ന് നേരിട്ട് വിതരണം ചെയ്യുകയാണ് ഏജന്റുമാര്‍ ചെയ്യുന്നത്. ഇവര്‍ക്ക് വേണ്ടി കോവിഡ് പ്രതിരോധ ബോധവല്‍ക്കരണവും സുരക്ഷക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മാസ്‌ക്കുകളും സാനിറ്റൈസറുകളും ഇവര്‍ക്കായി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.