ട്രഷറി പെന്‍ഷന്‍ വിതരണം പുനഃക്രമീകരിച്ചു

post

തിരുവനന്തപുരം : ട്രഷറികള്‍ മുഖേനയുള്ള സര്‍വീസ്, ഫാമിലി പെന്‍ഷനുകളുടെ വിതരണം പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളുടെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ രണ്ട് മുതല്‍ ഏഴു വരെ അഞ്ച് ദിവസങ്ങളിലായി കൂടുതല്‍ ഘട്ടമായി പുനഃക്രമീകരിച്ചു. പെന്‍ഷന്‍ സ്വീകരിക്കുന്നതിനായി കൂട്ടം കൂടുന്നതിനുള്ള സാധ്യത പരമാവധി ഒഴിവാക്കുന്നതിനാണ് പെന്‍ഷന്‍ വിതരണം കൂടുതല്‍ ഘട്ടങ്ങളിലായി പുനഃക്രമീകരിച്ചതെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.  തിയതി, സമയം, പെന്‍ഷന്‍ വിതരണം നടത്തുന്ന അക്കൗണ്ടുകള്‍ (പി.ടി.എസ്.ബി. അക്കൗണ്ട് നമ്പര്‍) എന്ന ക്രമത്തില്‍ ചുവടെ:

ഏപ്രില്‍ രണ്ടിന് 9 മുതല്‍ 1 മണി വരെ പി.ടി.എസ്.ബി. അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ (0) അവസാനിക്കുന്നവരും 2 മുതല്‍ 5 മണി വരെ ഒന്നില്‍ (1) അവസാനിക്കുന്നവരും, ഏപ്രില്‍ മൂന്നിന് 9 മുതല്‍ 1 മണി വരെ രണ്ടില്‍ (2) അവസാനിക്കുന്നവരും,  2 മുതല്‍ 5 മണി വരെ മൂന്നില്‍ (3) അവസാനിക്കുന്നവരും, ഏപ്രില്‍ നാലിന് 9 മുതല്‍ 1 മണി വരെ നാലില്‍ (4) അവസാനിക്കുന്നവരും,  2 മുതല്‍ 5 മണി വരെ അഞ്ചില്‍ (5) അവസാനിക്കുന്നവരും, ഏപ്രില്‍ അറിന് 9 മുതല്‍ 1 മണി വരെ ആറില്‍ (6) അവസാനിക്കുന്നവരും,  2 മുതല്‍ 5 മണി വരെ ഏഴില്‍ (7) അവസാനിക്കുന്നവരും, ഏപ്രില്‍ ഏഴിന് 9 മുതല്‍ 1 മണി വരെ എട്ടില്‍ (8) അവസാനിക്കുന്നവരും,  2 മുതല്‍ 5 മണി വരെ ഒന്‍പതില്‍ (9) അവസാനിക്കുന്നവരും പെന്‍ഷന്‍ സ്വീകരിക്കുന്നതിനായി എത്തണം.

കോവിഡ് പശ്ചാത്തലത്തിലുള്ള സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി ട്രഷറിയിലേക്കുള്ള പ്രവേശന കവാടത്തിലും ഇടപാട് കൗണ്ടറിന് മുന്നിലെ ക്യൂവിനും നിയന്ത്രണമുണ്ടായിരിക്കും.  ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്ക് സാധ്യമാകുന്ന തരത്തിലും ഫേസ് മാസ്‌ക്കുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.  ട്രഷറിയില്‍ പ്രവേശിക്കുന്നവര്‍ക്ക് കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഏര്‍പ്പെടുത്തി.  ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെയാണ് സാമൂഹ്യ അകലം പാലിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.