ഓണ്‍ലൈന്‍ പാസിനായുള്ള അപേക്ഷയ്ക്കു വന്‍ തിരക്ക്

post

* അത്യാവശ്യഘട്ടങ്ങളില്‍  മാത്രം പാസിന് അപേക്ഷ നല്‍കണമെന്നു പോലീസ്

തിരുവനന്തപുരം : കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍  പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ്  എന്നിവ ലഭിക്കുന്നതിനുള്ള  ഓണ്‍ലൈന്‍ സംവിധാനത്തില്‍ അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 82630 പേരാണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങിയ ആദ്യ ദിനത്തില്‍ അപേക്ഷിച്ചത്. അതില്‍ 74084 പേര്‍ സത്യവാങ്മൂലത്തിനും 8546 പേര്‍ എമര്‍ജന്‍സി പാസിനുമാണ് അപേക്ഷ നല്‍കിയത്. അപേക്ഷയുടെ പ്രധാന്യം അനുസരിച്ച് 12020 പാസുകള്‍ വിതരണം ചെയ്യുകയും 34256 അപേക്ഷകള്‍ നിരസിക്കുകയും ചെയ്തു. ശേഷിക്കുന്ന 36354 അപേക്ഷകള്‍ പരിശോധിച്ചു വരികയാണ്.

കൊവിഡ് 19 നെ തുടര്‍ന്നു രാജ്യവ്യാപകമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് പോകുന്നവര്‍ക്കു പൊലീസ് ഓണ്‍ലൈന്‍ വഴി പാസുകള്‍ വിതരണം ചെയ്യുന്നത്. അത്യാവശ്യ കാര്യമൊഴിച്ച് അപേക്ഷ നല്‍കുന്നവരെ പരിഗണിക്കാനാകില്ലെന്നും അതിനാല്‍ വളരെ പ്രധാന്യമുള്ള കാര്യങ്ങള്‍ക്കു മാത്രം അപേക്ഷിക്കുന്നതാണ് ഉചിതമെന്നും സൈബര്‍ഡോമിന്റെ നോഡല്‍ ഓഫിസറും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം അറിയിച്ചു.