സൗജന്യ റേഷന്‍ ഏപ്രില്‍ 1 മുതല്‍ ; ഭക്ഷ്യ കിറ്റ് വിതരണം ഈയാഴ്ച തുടങ്ങും

post

തിരുവനന്തപുരം : കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം  ഏപ്രില്‍ 1 ന് ആരംഭിക്കും. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങും. ദിവസവും ഉച്ചവരെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കു ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുമാകും സൗജന്യ റേഷന്‍ വിതരണമെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അന്ത്യോദയ വിഭാഗങ്ങള്‍ക്കു നിലവില്‍ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രിയോരിറ്റി ഹൗസ് ഹോള്‍ഡ്സ്(പി.എച്ച്.എച്ച്) വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്കു കാര്‍ഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നല്‍കും. വെള്ള, നീല കാര്‍ഡുകളുള്ള മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. 15 കിലോയില്‍ കൂടുതല്‍ ധാന്യം നിലവില്‍ ലഭിക്കുന്ന നീല കാര്‍ഡ് ഉടമകള്‍ക്ക് അതു തുടര്‍ന്നും ലഭിക്കും. ഏപ്രില്‍ 20നു മുന്‍പു സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കും. അതിനു ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷന്‍ വിതരണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായി പാലിച്ചാകും റേഷന്‍ വിതരണമെന്നു മന്ത്രി വ്യക്തമാക്കി. റേഷന്‍ കടകളില്‍ ആളുകള്‍ തിക്കിത്തിരക്കി പ്രശ്നങ്ങളുണ്ടാക്കരുത്. ഒരേ സമയം അഞ്ചു പേരില്‍ കൂടുതല്‍ റേഷന്‍ കടയ്ക്കു മുന്നില്‍ നില്‍ക്കാന്‍ പാടില്ല. ഇക്കാര്യം ഉറപ്പാക്കാന്‍ കടയുടമയ്ക്കു ടോക്കണ്‍ വ്യവസ്ഥ നിശ്ചയിക്കാവുന്നതാണ്. ജനപ്രതിനിധികളുടേയും പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശത്തു രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായവും ഉപയോഗപ്പെടുത്താം. റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്കു വീട്ടിലെത്തിച്ചു കൊടുക്കാനും കടയുടമ ക്രമീകരണമുണ്ടാക്കണം. ഇതിനും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്താം.

റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്കും സൗജന്യമായി ഭക്ഷ്യ ധാന്യം നല്‍കും. ഇതിനായി ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും ചേര്‍ത്തുള്ള സത്യവാങ്മൂലം റേഷന്‍ വ്യാപാരിക്കു നല്‍കണം. കളവായി സത്യവാങ്മൂലം നല്‍കി റേഷന്‍ കൈപ്പറ്റുന്നവരില്‍നിന്നു ധാന്യത്തിന്റെ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി തുക പിഴയായി ഈടാക്കും.

സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങള്‍ക്കു സൗജന്യ ഭക്ഷ്യ കിറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ 56 ഡിപ്പോകളില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ ആദ്യ വാരം മുതല്‍ കിറ്റ് നല്‍കിത്തുടങ്ങും. ആദ്യം എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളില്‍പ്പെടുന്ന മുന്‍ഗണനാ കുടുംബങ്ങള്‍ക്കും പിന്നീട് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും കിറ്റ് നല്‍കാനാണു തീരുമാനിച്ചിരിക്കുന്നത്.

കിറ്റ് നല്‍കുന്നതിനാവശ്യമായ ചെറുപയര്‍, കടല, തുവര, ഉഴുന്ന് എന്നിവ ലഭിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നാഫെഡിനെ സമീപിച്ചിട്ടുണ്ട്. സൗജന്യ കിറ്റ് നല്‍കുന്നതിന് 756 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. കിറ്റ് ആവശ്യമില്ല എന്നു സ്വയം വെളിപ്പെടുത്തുന്നവരേയും നികുതിദായകരായ ഉയര്‍ന്ന വരുമാനക്കാരെയും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നല്‍കുന്നതില്‍നിന്ന് ഒഴിവാക്കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമുള്ള കിറ്റുകളും തയാറാക്കുന്ന നടപടികള്‍ നടക്കുന്നുണ്ട്. കിറ്റിന്റെ വിതരണവും ഏപ്രില്‍ മാസത്തില്‍ത്തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.