കൗണ്‍സിലിങ്ങ് ആവശ്യമുണ്ടോ, മെഡിക്കല്‍ സഹായം വേണൊ, ഒറ്റ ക്ലിക്കില്‍ എല്ലാം സാധ്യം

post

കാക്കനാട്: ഇതു വരെ പരിചിതമല്ലാത്ത അനുഭവങ്ങളാണ് കോവിഡ് 19 മനുഷ്യര്‍ക്ക് നല്‍കുന്നത്. വിശ്രമമില്ലാതെ ചലിച്ചിരുന്ന ഘടികാര സൂചികള്‍ നിശ്ചലമായ പോലുള്ള അവസ്ഥാ വിശേഷം. ഈ അടച്ചു പൂട്ടിയിരിക്കല്‍ പലരിലും മാനസിക പ്രശ്നങ്ങളും ഡിപ്രഷനും പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദാഭിപ്രായം.  ഇത്തരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍േദേശിക്കാന്‍ വിദഗ്ദര്‍ നിങ്ങളെ വിളിക്കുകയാണെങ്കിലോ. അതാണ് എറണാകുളം ജില്ല ഭരണകൂടം ഞായറാഴ്ച ലോഞ്ച് ചെയ്ത http://coronahelpdeskekm.deienami.com/  എന്ന വെബ് ആപ്പ് സാധ്യമാക്കിയിരിക്കുന്നത്. മാനസിക സമ്മര്‍ദം മാത്രമല്ല വീടുകളില്‍ ആരുമറിയാതെ പോവുന്ന ഗാര്‍ഹിക പീഡനവും, മെഡിക്കല്‍ ഉപദേശങ്ങളും ആംബുലന്‍സ് സേവനവും കൗണ്‍സിലിങ്ങുമെല്ലാം ഈ വെബ് ആപ്പിലൂടെ സാധ്യമാവും.

ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡേവിസ് തോമസ് എന്ന യുവ എഞ്ചിനീയറും സംഘവുമാണ് ഈ വെബ് ആപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.  സഹായമാവശ്യമുള്ളവരെ അത് നല്‍കാന്‍ സാധിക്കുന്നവരിലേക്ക് എത്തിക്കുക എന്ന തരത്തിലാണ് വെബ് ആപ്പിന്റെ നിര്‍മാണം. 

എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പാകത്തിന് ലളിതമാണ് വെബ് ആപ്പിന്റെ പ്രവര്‍ത്തനം. coronahelpdeskekm  എന്ന വെബ്സൈറ്റിന്റെ ആമുഖത്തില്‍ തന്നെ എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന വിവരവും നല്‍കിയിട്ടുണ്ട്. ഫോണ്‍ നമ്പറും പേരും രേഖപ്പെടുത്തിയാല്‍ ഏതു വിഭാഗത്തിലുള്ള സേവനമാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കണം. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് സഹായം ആവശ്യപ്പെട്ടവരുടെ ഫോണിലേക്ക് തിരികെ വിളിയെത്തും.കളക്ടര്‍ എസ്. സുഹാസ് ആണ് വെബ് ആപ്പിന്റെ ലോഞ്ചിങ്ങ് നിര്‍വ്വഹിച്ചത്. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാവുന്നതിനൊപ്പം സഹായമാവശ്യമുള്ളവര്‍ക്ക് യഥാസമയം സഹായമെത്തിക്കാനും ഇതു വഴി സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.