പായിപ്പാട്ടെ പ്രതിഷേധം : സംഘര്‍ഷമൊഴിവാക്കിയത് അവസരോചിത ഇടപെടല്‍

post

കോട്ടയം : പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിന് ഇടനല്‍കാതെ പരിഹരിച്ചത് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും അവസരോചിത ഇടപെടല്‍. പായിപ്പാട്ടും സമീപ മേഖലകളിലും പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍നിന്നുമുള്ള തൊഴിലാളികള്‍ ഇന്നലെ ഉച്ചയോടെയാണ് പായിപ്പാട് കവലയില്‍ സംഘമായെത്തി പ്രതിഷേധം നടത്തിയത്. 

ഭക്ഷണം ലഭിക്കാത്തതിനാലാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയതെന്നായിരുന്നു പ്രചാരണം. എന്നാല്‍ ലോക് ഡൗണ്‍ ആരംഭിച്ചതുമുതല്‍ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കിയിരുന്ന ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഇത് അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം താന്‍ നേരിട്ട് ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും തൊഴിലാളികള്‍ക്ക് ആവശ്യത്തിന് ഭക്ഷണമുണ്ടെന്ന് ഉറപ്പാക്കിയിരുന്നെന്നും അദ്ദേഹം അറിയിച്ചു. കരുതല്‍ ശേഖരമായി ആയിരം കിലോ അരിയും മുന്നൂറു കിലോ പയറും ഗ്രാമപഞ്ചായത്തില്‍ എത്തിച്ചിരുന്നു. ഇതിനു പുറമെ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കളക്ടര്‍ നിയോഗിച്ച തഹസില്‍ദാരും ജില്ലാ ലേബര്‍ ഓഫീസറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി ക്യാമ്പുകളിലെ സ്ഥിതിഗതികള്‍ വിലിയിരുത്തി വരികയായിരുന്നു.

ആദ്യം സ്ഥലത്തെത്തിയ തഹസില്‍ദാര്‍ ജിനു പുന്നൂസിനോടും മറ്റ് ഉദ്യോഗസ്ഥരോടും നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ ഉന്നയിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കുന്ന മാതൃകയില്‍ നടപടി വേണമെന്ന നിലപാടിലായിരുന്നു അവര്‍. നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമല്ലെന്ന് അറിയിച്ചെങ്കിലും തൊഴിലാളികള്‍ പ്രതിഷേധം തുടര്‍ന്നു. ഏതെങ്കിലും ക്യാമ്പില്‍ ഭക്ഷണമില്ലെങ്കില്‍ എത്തിക്കാമെന്ന് തഹസില്‍ദാര്‍ ആവര്‍ത്തിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യം തൊഴിലാളികള്‍ തുടര്‍ന്നു. ഒടുവില്‍ തൊഴിലാളികള്‍ പിരിഞ്ഞു പോകണമെന്ന് തഹസില്‍ദാര്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുകയും പോലീസ് കവലയില്‍നിന്ന് ഇവരെ നീക്കുകയും ചെയ്തു. 

ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവും ജില്ലാ പോലീസ് മേധാവി ജി. ജയദേവും സ്ഥലത്തെത്തി തൊഴിലാളികളോട് സംസാരിച്ചു. ലോക് ഡൗണ്‍ മൂലം നിലവിലുള്ള സാഹചര്യം വിശദമാക്കിയ കളക്ടര്‍ തത്കാലം പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ താമസ സ്ഥലങ്ങളിലേക്ക് മടങ്ങി. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍, മാത്യു ടി. തോമസ് എം.എല്‍.എ, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് തുടങ്ങിയവരും സ്ഥലത്തെത്തി.  തുടര്‍ നടപടികള്‍ ആലോചിക്കുന്നതിന് ചങ്ങനാശേരി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം നടന്നു.  തൊഴിലാളികളെ നേരില്‍ കണ്ട് പ്രശ്‌നങ്ങള്‍ മനസിലാക്കി ഉടന്‍ പരിഹാരം കാണണമെന്ന് മന്ത്രി കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കി.

വൈകുന്നേരം ജില്ലാകളക്ടറും ജില്ലാ പോലീസ് മേധാവിയും മറ്റ് ഉദ്യോഗസ്ഥരും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി. ഏഴു മണിയോടെ എത്തിയ ആദ്യ ക്യാമ്പില്‍ നിലവില്‍ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സാമഗ്രികള്‍ ഉണ്ടെന്ന് അറിയിച്ച തൊഴിലാളികള്‍ പണം കൈവശമില്ലാത്തിനാല്‍ താമസസ്ഥലത്തുനിന്ന് ഒഴിയേണ്ടി വരുമെന്ന ആശങ്ക പങ്കുവച്ചു. കെട്ടിട ഉടമയെ വിളിച്ചു വരുത്തിയ കളക്ടര്‍ കഴിഞ്ഞ ദിവസം തഹസില്‍ദാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരം ഏപ്രില്‍ 14 വരെ തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായി ലഭ്യമാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. പായിപ്പാട് മേഖലയിലെ 250ഓളം ലേബര്‍ ക്യാമ്പുകളില്‍ 90 അംഗീകൃത ക്യാമ്പുകള്‍ മാത്രമാണുള്ളത്. എല്ലാ ക്യാമ്പുകളിലും തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.