ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു

post

കണ്ണൂര്‍ : ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി ഞായറാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കൂത്തുപറമ്പ് മൂര്യാട് സ്വദേശികളായ മൂന്നു പേര്‍, തലശ്ശേരി ടെമ്പിള്‍ഗേറ്റ് സ്വദേശികളായ രണ്ടു പേര്‍, കോളയാട് കണ്ണവം സ്വദേശി, നടുവില്‍ കുടിയാന്‍മല സ്വദേശി, ചിറ്റാരിപ്പറമ്പ് മാനന്തേരി സ്വദേശി എന്നിവര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.മൂര്യാട് സ്വദേശിയായ 30 കാരന്‍ ദുബൈയില്‍ നിന്ന് മാര്‍ച്ച് 22ന് എമിറേറ്റ്സിന്റെ ഇകെ 568 വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. മൂര്യാട് സ്വദേശിയായ 45 കാരന്‍ ഷാര്‍ജയില്‍ നിന്നും മാര്‍ച്ച് 21 എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 354 നമ്പര്‍ വിമാനത്തില്‍ കരിപ്പൂരിലെത്തി. 52 വയസ്സ് പ്രായമുള്ള മറ്റൊരു മൂര്യാട് സ്വദേശി ദുബൈയില്‍ നിന്ന് മാര്‍ച്ച് 20ന് എമിറേറ്റ്സിന്റെ ഇകെ 568 വിമാനത്തില്‍ ബാംഗ്ലൂര്‍ വഴിയാണ് കണ്ണൂരിലെത്തിയത്. മൂന്നു പേരും പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സ്രവ പരിശോധനയ്ക്ക് വിധേയരാവുകയായിരുന്നു.

45ഉം 40ഉം പ്രായമുള്ള, ടെമ്പിള്‍ഗേറ്റ് സ്വദേശികളായ രണ്ടുപേരും കോളയാട് കണ്ണവം സ്വദേശിയായ 48 കാരനും ദുബൈയില്‍ നിന്ന് മാര്‍ച്ച് 21 ന് എയര്‍ ഇന്ത്യയുടെ എഐ 938 വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും ചികില്‍സയ്ക്കെത്തുകയായിരുന്നു.

ദുബൈയില്‍ നിന്ന് മാര്‍ച്ച് 20 ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 346 വിമാനത്തില്‍ കരിപ്പൂര്‍ വഴി കണ്ണൂരിലെത്തിയ നടുവില്‍ സ്വദേശിയായ 35 കാരന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ് സ്രവപരിശോധനയ്ക്ക് വിധേയനായത്.

മാനന്തേരിസ്വദേശിയായ 40 കാരന്‍ ദുബൈയില്‍ നിന്ന് മാര്‍ച്ച് 22ന് എമിറേറ്റ്സിന്റെ ഇകെ 532 വിമാനത്തില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തി. തലശ്ശേരി ജനറല്‍ ആശുപത്രിയിലാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്.നിലവില്‍ നടുവില്‍ സ്വദേശി കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലും കണ്ണവം സ്വദേശി തലശ്ശേരി ജനറല്‍ ആശുപത്രിയിലും അഡ്മിറ്റാണ്. ഹോം ഐസോലേഷനില്‍ ബാക്കിയുള്ള ആറു പേരെയും അഞ്ചരക്കണ്ടി കോവിഡ്-19 ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റും.