അതിഥി തൊഴിലാളികളുടെ സമ്പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കി ജില്ലാഭരണകൂടം

post

നാട്ടിലേക്കു പോകാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ല; താമസ സ്ഥലങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി

മലപ്പുറം:   സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഥി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കിയിട്ടുണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. അതിഥി തൊഴിലാളികളെ താമസ സ്ഥലത്തു നിന്നും പുറത്താക്കാനും സ്വന്തം നാടുകളിലേക്കു തിരിച്ചയക്കാനുമുള്ള ശ്രമങ്ങള്‍ അനുവദിക്കില്ല. താമസ സ്ഥലത്തു നിന്നും തൊഴിലാളികളെ ഇറക്കിവിട്ടാല്‍ തൊഴിലുടമ/കോണ്‍ട്രാക്ടര്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ പൊലീസ് നിരീക്ഷണം ഉറപ്പാക്കിയിട്ടുണെന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. തൊഴിലാളികള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതും നിരീക്ഷിച്ചു വരികയാണ്. ചരക്കു വാഹനങ്ങളില്‍ ജില്ലാ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും വാഹന ഡ്രൈവര്‍ക്കെതിരെയും നിയമ നടപടിയെടുക്കും.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ ലഭ്യത പൂര്‍ണ്ണമായും ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷണം ഉറപ്പാക്കുന്നതിനായി ജില്ലയില്‍ കണ്‍ട്രോള്‍ സെല്‍ രൂപീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ജോലിക്ക് പോകുവാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍  ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. അതിന്റെ എകോപനമാണ് ജില്ലാതല കണ്‍ട്രോല്‍ സെല്‍ നിര്‍വഹിക്കുക. പെരിന്തല്‍മണ്ണ സബ്കലക്ടര്‍ കെ.എസ് അഞ്ജുവിന്റെ നേതൃത്വത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ജില്ലാതല കണ്‍ട്രോള്‍ സെല്‍ രൂപീകരിച്ചിട്ടുള്ളത്.