എംഎല്‍എയുടെ ഇടപെടലില്‍ നാടോടിസംഘത്തിന് സുരക്ഷിത സ്ഥാനം ഒരുങ്ങി

post

തൃശൂര്‍ : കോവിഡ് വൈറസ് സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  സുരക്ഷിതമല്ലാത്ത ചുറ്റുപാടില്‍ ജീവിച്ചിരുന്ന നാടോടിസംഘത്തിന്  സുരക്ഷിത സ്ഥാനം ഒരുക്കി എറിയാട് പഞ്ചായത്ത്. കൊട്ടവഞ്ചിയില്‍ മത്സ്യബന്ധനം നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന നാടോടി സംഘങ്ങളെയാണ് എംഎല്‍എ ഇ ടി ടൈസണ്‍ മാസ്റ്ററുടെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്ത് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ  കൊച്ചു കുട്ടികള്‍ അടങ്ങിയ സംഘം ദുരിതത്തില്‍ ആവുകയായിരുന്നു.   അഴീക്കോട് പതിനേഴാം വാര്‍ഡ് ചുങ്കം പ്രദേശത്താണ് 7 കുടുംബങ്ങള്‍ അടങ്ങിയ നാടോടി സംഘം താമസിച്ചിരുന്നത്. മൈസൂരില്‍ നിന്ന് കുറച്ചുനാള്‍ മുമ്പാണ് സംഘം ഈ പ്രദേശത്ത് താമസമാക്കിയത്. രണ്ടു ഗര്‍ഭിണികളും ആറ് കുട്ടികളും ഉള്‍പ്പെടെ 26 പേരാണ് പ്ലാസ്റ്റിക് ടാര്‍പായ വലിച്ചു  കെട്ടിയ ടെന്റിനുള്ളില്‍ സുരക്ഷിതമല്ലാത്ത ചുറ്റുപാടില്‍ കഴിഞ്ഞിരുന്നത്. കൊട്ടവഞ്ചിയില്‍ മത്സ്യബന്ധനത്തിനു പോയി ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ഇവര്‍ പുഴയോട് ചേര്‍ന്ന് തന്നെയാണ് താമസിച്ചിരുന്നതും. അഞ്ചും ആറും വയസ്സുള്ള കുട്ടികളുമായാണ് ഇവരില്‍ പലരും കുട്ടകളില്‍ മീന്‍ പിടിക്കുന്നത്. ലോക്ക് ഡൗണിന്റെയും വൈറസിന്റെയും സാഹചര്യത്തില്‍ സംസ്ഥാനത്തില്‍ വിവിധയിടങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നു.

അതിഥി തൊഴിലാളികളുടെ സുരക്ഷയും  മുന്‍നിര്‍ത്തി ഇവരെ അഴീക്കോട് പോര്‍ട്ട് ഓഫീസിലേക്കാണ് മാറ്റി താമസിപ്പിക്കുകയെന്ന് എംഎല്‍എ അറിയിച്ചു. ഇവര്‍ക്കാവശ്യമായ എല്ലാവിധ സൗകര്യവും ആരോഗ്യ സുരക്ഷയും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.  മാറി താമസിക്കുന്ന  ആദ്യത്തെ ദിവസം മാത്രം ഇവര്‍ക്ക് വേണ്ട  ഭക്ഷണം പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയില്‍ നിന്നാണ് നല്‍കിയത്. മറ്റ് ദിവസങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ട ഭക്ഷണ സാധനങ്ങളും അവശ്യ വസ്തുക്കളും അധികൃതര്‍ എത്തിച്ച് നല്‍കിയിട്ടുണ്ട്. എംഎല്‍എയോടൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ സിദ്ദിഖ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക ശിവ പ്രിയന്‍, പഞ്ചായത്ത് അംഗങ്ങളായ പ്രസീന റാഫി, അബ്ദുള്ള എന്നിവരും മാറ്റിതാമസിപ്പിക്കുന്നതിന് നേതൃത്വം നല്‍കി.