മറുനാടന്‍ തൊഴിലാളികള്‍ക്ക് കിടപ്പാടമൊരുക്കി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്

post

ഇടുക്കി:  ലോക്ക് ഡൗണിനെ തുടര്‍ന്ന്  സ്വദേശത്തേക്ക് പോവാനാവാതെ കുടുങ്ങിയ മറുനാടന്‍ തൊഴിലാളികള്‍ക്ക് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ താമസസ്ഥലമൊരുക്കി. കൊച്ചി -  ധനുഷ്‌കോടി റോഡ് പണിയുടെ ഭാഗമായ ഗ്യാപ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 18 തൊഴിലാളികളാണ് വാഹന ഗതാഗതം നിലച്ചതോടെ കുടുങ്ങിയത്. ഇതേ തുടര്‍ന്ന് ഇവര്‍ ദേവികുളം ഗ്യാപ് റോഡില്‍ കിടന്ന കണ്ടെയ്‌നറുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞിരുന്നത്. നാട്ടുകാര്‍ ഇക്കാര്യം ദേവികുളം സബ്കലക്ടറുടേയ്യും മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റേയും ശ്രദ്ധയില്‍പ്പെടുത്തി. ഇവരുടെ ഇടപെടലില്‍ തൊഴിലാളികളെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കീഴില്‍ ദേവികുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ സാഹസിക അക്കാദമിയിലേക്ക് മാറ്റാന്‍ തീരുമാനമായി.

കേരള  സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച കേരള വോളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളും യൂത്ത് കോര്‍ഡിനേറ്റര്‍മാരും ദേവികുളത്തെ യുവജനങ്ങളും ചേര്‍ന്നാണ് ഇവരെ അക്കാദമിയില്‍ എത്തിച്ചത്.