രാജക്കാട് ടൗണ്‍ അണുവിമുക്തമാക്കി സന്നദ്ധ പ്രവര്‍ത്തകര്‍

post

ഇടുക്കി : കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകരുടെയും  പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ രാജക്കാട് ടൗണ്‍ അണുവിമുക്തമാക്കി. രാജക്കാട് ബസ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജംഗ്ഷന്‍, മാര്‍ക്കറ്റ്, തുടങ്ങി ടൗണും പരിസര പ്രദേശങ്ങളുമാണ് അണുവിമുക്തമാക്കിയത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച അണുവിമുക്തലായിനി ഉപയോഗിച്ചാണ് ടൗണ്‍ ശുചീകരിച്ചത്. 25ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.

സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍  ഭക്ഷണം ആവശ്യപ്പെട്ട  19 ഓളം വീടുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കി. വരും ദിവസങ്ങളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കും പുറത്ത് ഇറങ്ങാന്‍ കഴിയാത്ത വയോധികര്‍ക്കുമടക്കം പച്ചക്കറികളും, റേഷന്‍ സാധനങ്ങളും എത്തിച്ചുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍, വൈസ് പ്രസിഡന്റ് കെ.പി അനില്‍ പഞ്ചായത്തംഗങ്ങളായ എ.ഡി സന്തോഷ്, പ്രിന്‍സ് മാത്യു സന്നദ്ധ പ്രവര്‍ത്തകരായ എം.എം ജോഷി, അനീഷ് കെ.പി, അര്‍ജ്ജുന്‍ വി അജയന്‍ എന്നിവര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.