ആശ്വാസം പകര്‍ന്ന് ജില്ലാ കളക്ടര്‍.....

post

ഇടുക്കി : ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനവും ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ വിലയിരുത്തി. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന വൃദ്ധയായ ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള 9 അഗതികളെ തൊടുപുഴ എ.പി.ജെ. അബ്ദുള്‍ കലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തയ്യാറാക്കിയ ക്യാമ്പില്‍ പാര്‍പ്പിച്ചു. ഇവരെ സന്ദര്‍ശിച്ച കളര്‍ക്ടര്‍ ഭക്ഷണം ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കുന്നതിന് നഗരസഭാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബാര്‍ബറെ എത്തിച്ച് ഇവരുടെ മുടിവെട്ടുന്നതിനും ക്ഷൗരം ചെയ്യുന്നതിനും അധികൃതര്‍ തീരുമാനിച്ചു. തുടര്‍ന്ന് വൈദ്യ പരിശോധന നടത്തി മരുന്ന് ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനും താമസ സ്ഥലത്ത് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനും തീരുമാനമായി. കാ്ണാന്‍ വന്നത് ജില്ലാ കളക്ടര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ അഗതികളില്‍ പലര്‍ക്കും അമ്പരപ്പ്.

 തൊടുപുഴ ആനക്കൂട് ജംഗ്ഷനിലെ അമൃതാ കേറ്ററിങ് സര്‍വീസില്‍ പ്രവര്‍ത്തിക്കുന്ന  സമൂഹ അടുക്കള കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ദിവസം മൂന്ന് നേരമാണ് ഇവിടെ നിന്നും ഭക്ഷണം നല്‍കുന്നത്. ശനിയാഴ്ച 200 ഓളം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. പാചകത്തിന്റെ ചുമതല നഗരസഭാ കുടുംബശ്രീക്കാണ്. കുടുംബശ്രീയിലെ പ്രവര്‍ത്തകരായ 5 പേരും, 2 മുനിസിപ്പല്‍ ജീവനക്കാരുമാണ് ഭക്ഷണം തയ്യാറാക്കുന്നത്. മുനിസിപ്പല്‍ ഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. ഞായര്‍ മുതല്‍  ഭക്ഷണത്തിന് അര്‍ഹരായവര്‍ക്ക് അവരവരുടെ വാസസ്ഥലത്ത് എത്തിച്ച് നല്‍കാന്‍ തീരുമാനിച്ചു.

ഭക്ഷ്യ വിതരണം സുഗമമാക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നറിയിച്ചാണ് കളക്ടര്‍ മടങ്ങിയത്.തൊടുപുഴ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഇടുക്കി ആര്‍.ഡി.ഓ. അതുല്‍.എസ്.നാഥ്, തൊടുപുഴ തഹസില്‍ദാര്‍, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സിസിലി ജോസ്, വൈസ് ചെയര്‍മാന്‍ എം.കെ.ഷാഹുല്‍ ഹമീദ്, റ്റി.കെ. സുധാകരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.