ആരും വിശന്നിരിക്കുന്ന സാഹചര്യം ഉണ്ടാവരുത് : മന്ത്രി എ കെ ശശീന്ദ്രന്‍

post

കോഴിക്കോട്  :ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആരും വിശന്നിരിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അതിഥി  തൊഴിലാളികള്‍,  നിരീക്ഷണത്തില്‍ കഴിയുന്നവര്‍, ഭക്ഷണം ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ എന്നിവര്‍ക്ക്  ഭക്ഷണം ലഭ്യമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുരുവട്ടൂര്‍, കക്കോടി പഞ്ചായത്തുകളില്‍ ചേര്‍ന്ന  അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ആളുകള്‍ക്ക്  റേഷന്‍  മുടങ്ങാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. രണ്ട് ഗ്രാമ പഞ്ചായത്തിലെയും കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനവും മന്ത്രി വിലയിരുത്തി. കക്കോടി  പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ  പ്രവൃത്തി സമയം വൈകുന്നേരം ആറ് മണി വരെ നീട്ടാനും  യോഗത്തില്‍ നിര്‍ദേശം നല്‍കി. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 338 പേരും കക്കോടി ഗ്രാമപഞ്ചായത്തില്‍  321 പേരുമാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളതെന്ന് യോഗം വിലയിരുത്തി.

രണ്ട് പഞ്ചായത്തുകളിലുമായി നടന്ന യോഗങ്ങളില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ഒ.പി ശോഭന, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ചോയിക്കുട്ടി, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അപ്പുക്കുട്ടന്‍, വൈസ് പ്രസിഡണ്ടുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.