കോവിഡ് പ്രതിരോധം: മത സാമുദായിക നേതാക്കളുടെ പിന്തുണ ശക്തിപകരുന്നതാണെന്നു മുഖ്യമന്ത്രി

post

തിരുവനന്തപുരം : സംസ്ഥാനത്തു നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മത മേലധ്യക്ഷന്‍മാരും സാമുദായിക സംഘടനാ നേതാക്കളും പൂര്‍ണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ അതിജീവന സമരത്തില്‍ അതിര്‍വരമ്പുകള്‍ കണക്കാക്കാതെ മുന്നേറാനുള്ള ആഹ്വാനവും സന്നദ്ധതയുമാണ് അവര്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമസ്ത കേരള ജമിയത്തുല്‍ ഉലമ പ്രസിഡന്റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി (സിറോ മലബാര്‍ സഭ), കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്, ബിഷപ് ജോസഫ് കരിയില്‍, ബിഷപ് ഡോ. സൂസപാക്യം, പുന്നല ശ്രീകുമാര്‍, ഹുസൈന്‍ മടവൂര്‍, ബസേലിയോസ് മാര്‍ത്തോമ പൗലോസ് (മലങ്കര ഓര്‍ത്തഡോക്സ് സഭ), എ. ധര്‍മരാജ് റസാലം, ഡോ. ജോസഫ് മാര്‍തോമ (മലങ്കര മാര്‍ത്തോമ്മ സിറിയന്‍ ചര്‍ച്ച്), കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ഡോ. ടി. വത്സന്‍ ഏബ്രാഹം തുടങ്ങിയവര്‍ സര്‍ക്കാരിനു പൂര്‍ണ പിന്തുണയറിയിച്ചിട്ടുണ്ട്. 

കൂടുതല്‍ സംഘടനകളും നേതാക്കളും പിന്തുണയറിയിച്ചിട്ടുണ്ട്. ഇതു സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.