ലോക്ക് ഡൗണ്‍: ആരവങ്ങളില്ലാതെ കൊടുങ്ങല്ലൂര്‍ ഭരണി

post

ഒരാള്‍ മാത്രമായി ചരിത്രംകുറിച്ച് കാവ് തീണ്ടല്‍

തൃശൂര്‍ : സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിന്റെയും നിരോധനാജ്ഞയുടെയും പശ്ചാത്തലത്തില്‍, ഉറഞ്ഞുതുള്ളുന്ന കോമരങ്ങളും പതിനായിരകണക്കിന് ഭക്തജനങ്ങളും ഇല്ലാതെ കൊടുങ്ങല്ലൂരില്‍ കുരുംബക്കാവ് തീണ്ടി. പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ഭരണിയാഘോഷത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ മാത്രമായി അശ്വതിക്കാവ് തീണ്ടിയത്. പരമ്പരാഗത അവകാശിയായ പാലക്കവേലന്‍ ദേവീദാസനാണ് ഏകനായ് കാവ് തീണ്ടാന്‍ നിയോഗം ലഭിച്ചത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണും, കൊടുങ്ങല്ലൂരില്‍ പ്രത്യേകമായി പ്രഖ്യാപിച്ച നിരോധനാജ്ഞയും മൂലം കുരുംബക്കാവിലെ ഭരണിയാഘോഷം ചടങ്ങിലൊതുക്കുകയായിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തുന്ന കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തില്‍ ഇത്തവണ ജനക്കൂട്ടം ഉണ്ടാവുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. ചടങ്ങുകള്‍ മാത്രമാക്കി ഉത്സവം ലളിതമാക്കി നടത്തുവാന്‍ ക്ഷേത്രം ഭാരവാഹികള്‍ തീരുമാനിച്ചു.ജനകീയ ഉത്സവമായ മീനഭരണിയാഘോഷത്തിന് ഈ വര്‍ഷവും ആളു കൂടുമെന്നതിനതിനാലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

വലിയ തമ്പുരാന്റെ ചുമതല വഹിക്കുന്ന രഘുനന്ദനന്‍ രാജ രാവിലെ എട്ട് മണിയോടെ കോട്ട കോവിലകത്ത് നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പല്ലക്ക് ഒഴിവാക്കി കാല്‍നടയായാണ് തമ്പുരാന്‍ എത്തിയത്.ക്ഷേത്ര ദര്‍ശനത്തിന് ശേഷം വിശേഷാല്‍ പൂജകള്‍ക്ക് തമ്പുരാന്‍ അനുമതി നല്‍കി. ഉച്ചക്ക് ഒരു മണിയോടെ സവിശേഷമായ തൃച്ചന്ദന ചാര്‍ത്ത് പൂജ ആരംഭിച്ചു. മഠത്തില്‍ മഠം, കുന്നത്ത് മഠം, നീലത്ത് മഠം എന്നിവിടങ്ങളിലെ പ്രതിനിധികളായ മൂന്ന് പേര്‍ ശാക്തേയ വിധിപ്രകാരമുള്ള പൂജ നിര്‍വ്വഹിച്ചു. ഏഴര നാഴിക നീണ്ട പൂജയ്ക്കൊടുവില്‍ നിലപാട് തറയില്‍ ഉപവിഷ്ടനായ വലിയ തമ്പുരാന്റെ അനുമതി അറിയിച്ചു കൊണ്ട് കോയ്മ ചുവന്ന പട്ടു കുടയുയര്‍ത്തി. തുടര്‍ന്നായിരുന്നു കാവ് തീണ്ടല്‍. ഇന്ന് (മാര്‍ച്ച് 28) ഭരണി നാളില്‍ രാവിലെ പട്ടാര്യ സമുദായം കുമ്പളങ്ങ ബലിയര്‍പ്പിച്ച് വെന്നിക്കൊടി നാട്ടുന്നതോടെ മീനഭരണിയാഘോഷം സമാപിക്കും.