ആര്‍ക്കും വിശക്കാതിരിക്കാന്‍ നാടെങ്ങും കമ്യൂണിറ്റി കിച്ചണുകള്‍ തുറന്നു

post

കോട്ടയം : കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരുമ്പോള്‍ ആരും വിശന്നിരിക്കാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ നിര്‍ദേശം ഏറ്റെടുത്ത് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കമ്യൂണിറ്റി കിച്ചണുകള്‍ തുറന്നു. ആദ്യ ദിനത്തില്‍തന്നെ 2500 ഓളം പേരുടെ വീടുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കുകയും ചെയ്തു. 

മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളും ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും പൊതുജനങ്ങളുടെയും കുടുംബശ്രീ-ആശാ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ കാന്റീനുകളും സ്വകാര്യ കാറ്ററിംഗ് യൂണിറ്റുകളും ഹോട്ടലുകളുമൊക്കെ കമ്യൂണിറ്റി കിച്ചണുകളായി മാറി. ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളും സേവനവും ലഭ്യമാക്കി നിരവധി പൊതുജനങ്ങളും പദ്ധതിയില്‍ സജീവമായി പങ്കുചേരുന്നു. ജനപ്രതിനിധികളും കുടുംബശ്രീ- ആശാ പ്രവര്‍ത്തകരും ചേര്‍ന്ന് തയ്യാറാക്കുന്ന പട്ടികയിലുള്ളവര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ഭക്ഷണം ആവശ്യമുള്ളവര്‍ വാര്‍ഡ് അംഗത്തെയോ കുടുംബശ്രീ ആശാ പ്രവര്‍ത്തകരെയോ ബന്ധപ്പെട്ടാല്‍ മതിയാകും. 

കോട്ടയം നഗരസഭയില്‍ കാന്റീനാണ് കമ്മ്യൂണിറ്റി കിച്ചണാക്കി മാറ്റിയത്. ആദ്യദിനം 200പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. മാര്‍ച്ച് 29 വരെയുള്ള ഭക്ഷണവിതരണത്തിന് ഇവിടെ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. ചങ്ങനാശേരി നഗരസഭാ അങ്കണത്തിലെ കമ്യൂണിറ്റി കിച്ചണില്‍ നിന്നും 50 പേര്‍ക്കും  ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തില്‍ 300പേര്‍ക്കും പാല നഗരസഭയുടെ ന്യായവില ഭക്ഷണ കേന്ദ്രം മുഖേന 100പേര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. വൈക്കം നഗരസഭയില്‍  ചാലപറമ്പ് ചാമീസ് ഈറ്റ്‌സിലും ഏറ്റുമാനൂര്‍ നഗരസഭയിലും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചിട്ടുണ്ട്.  

പള്ളം ബ്ലോക്കിലെ പനച്ചിക്കാട് ഗ്രാമപഞ്ചായത്തില്‍ 250പേര്‍ക്ക് ഭക്ഷണമൊരുക്കി.    കാവിലമ്മ കേറ്ററിംഗ് സര്‍വ്വീസിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നത്. കുറിച്ചി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കാന്റീനില്‍ നിന്ന് 90പേര്‍ക്ക് ഭക്ഷണം നല്‍കി. വിജയപുരം ഗ്രാമപഞ്ചായത്തില്‍ ഇറഞ്ഞാല്‍ ചായക്കടപ്പടിയിലുള്ള കുടുംബശ്രീ കാന്റീനാണ് അടുക്കളയായി മാറ്റിയിരിക്കുന്നത്.  

വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചിറക്കടവ് പഞ്ചായത്തിന്റെ   പൊന്‍കുന്നം ടൗണ്‍ ഹാളിലെ കമ്മ്യൂണിറ്റി കിച്ചണില്‍  150 പേര്‍ക്കും കറുകച്ചാല്‍ ഗ്രാമ പഞ്ചായത്തില്‍ ശാന്തിപുരം വളവ് കുഴിയിലെ കിച്ചണില്‍ 100 പേര്‍ക്കും വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂങ്ങാനി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കിച്ചണില്‍ 30 പേര്‍ക്കും ഭക്ഷണമൊരുക്കി.

വാഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിലും കങ്ങഴ ഗ്രാമപഞ്ചായത്തില്‍ പത്തനാട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലും  ഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ തലയോലപ്പറമ്പ്, വെള്ളൂര്‍, മുളക്കുളം, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകളില്‍  കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങി. തലയോലപ്പറമ്പില്‍ മാത്താനം ദേവീ ക്ഷേത്രത്തിന്റെ ഊട്ടുപുരയിലും മുളക്കുളത്ത് മൂര്‍ക്കാട്ടുപടി വനിതാ കാറ്ററിംഗ് സെന്റര്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് കാന്റീന്‍, പെരുവ എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലും വെള്ളൂരില്‍ ഗ്രാമപഞ്ചായത്ത്  സി. ഡി. എസ് കാന്റീനിലുമാണ് കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. കടപ്പൂരാന്‍ ഓഡിറ്റോറിയത്തിലാണ്  കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണ്‍.

വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ ഭാഗമായി വാളംപള്ളി ചങ്ങാതിക്കൂട്ടം കുടുംബശ്രീയിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചിരിക്കുന്നത്. 

കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ മണിമല പഞ്ചായത്തിലെ കറിക്കാട്ടൂര്‍  ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലും പാറത്തോട്  പഞ്ചായത്തില്‍ ഗ്രേസി മെമ്മോറിയല്‍  ഹൈസ്‌കൂളിലും കൂട്ടിക്കല്‍ പഞ്ചായത്തില്‍  117ആം അങ്കണവാടിയിലും എരുമേലിയില്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലെ  ഊട്ടു പുരയിലും മുണ്ടക്കയം  പഞ്ചായത്തില്‍ ജനമൈത്രി പോലീസ്  സ്റ്റേഷനു സമീപത്തും  സി.  എം.  എസ്  ഹൈസ്‌കൂളിലുമാണ് ഭക്ഷണം തയ്യാറാക്കുന്നത്.  

പൂഞ്ഞാറില്‍  ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിന്ന് 100 പേര്‍ക്കും തലപ്പലം ഗ്രാമ പഞ്ചായത്തില്‍ 37പേര്‍ക്കും മുത്തോലി പഞ്ചായത്തിലെ പന്തതലയില്‍ നിന്നും  10പേര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. 

മീനച്ചില്‍, കൊഴുവനാല്‍, ഭരണങ്ങാനം, കരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 30, 92, 60, 52 പേര്‍ക്കാണ് ഭക്ഷണം എത്തിച്ചത്. കടനാട് ഗ്രാമപഞ്ചായത്തില്‍ ഐങ്കൊമ്പ്, എലിവാലി, നീലൂര്‍, വല്യാത്ത്   എന്നീ നാല് കേന്ദ്രങ്ങളില്‍ തയ്യാറാക്കിയ ഭക്ഷണം 100 പേര്‍ക്ക് വിതരണം ചെയ്തു. വാകത്താനം പഞ്ചായത്തിലെ 12-ാംവാര്‍ഡിലും തൃക്കൊടിത്താനം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗുരു  ഗുഹാനന്ദ പുറം ഓഡിറ്റോറിയത്തിലും വാഴപ്പള്ളി പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ചീരഞ്ചിറ ഗവണ്മെന്റ് എല്‍.പി  സ്‌കൂളിലും മാടപ്പള്ളി പഞ്ചായത്തിന് സമീപം പ്രവര്‍ത്തിക്കുന്ന  കുടുംബശ്രീ കഫെയിലും കുടുംബശ്രീ കിച്ചണുകള്‍ ആരംഭിച്ചിട്ടുണ്ട്.