കോവിഡ് -19 പ്രതിരോധം: കര്‍ക്കശമായ നിയന്ത്രണങ്ങള്‍ തുടരണം- മന്ത്രി ടി.പി രാമകൃഷ്ണന്‍

post

കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ്- 19 വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ തുടരുകയെന്നതാണ് നമ്മുടെ പ്രാഥമിക ഉത്തരവാദിത്തമെന്ന് തൊഴില്‍- എക്സൈസ്  മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗ വ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പൊതുജനങ്ങളും കോവിഡിന്റെ നിയന്ത്രണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ തയ്യാറാകണം.

രോഗം സ്ഥിരീകരിച്ചവര്‍ക്കും ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഫലപ്രദമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണം. മെഡിക്കല്‍ കോളേജ് ആശുപത്രി മെയിന്‍ ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കി മാറ്റിയ സാഹചര്യത്തില്‍ മറ്റ് അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതില്‍ മെഡിക്കല്‍ കോളെജും ബീച്ച് ജനറല്‍ ആശുപത്രിയും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചു. ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതില്‍ ജാഗ്രത വേണം. ആശുപത്രികളില്‍ മരുന്നിന് ദൗര്‍ലഭ്യം ഉണ്ടാകാന്‍ പാടില്ല. സാനിറ്റൈസര്‍, മാസ്‌ക്ക്, പി.പി.ഇ കിറ്റുകള്‍ എന്നിവ ആവശ്യത്തിനുണ്ടെന്ന് ഉറപ്പാക്കണം.

അടിയന്തര സാഹചര്യം നേരിടുന്നതിനായി സന്നദ്ധ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സന്നദ്ധം എന്ന പേരില്‍ ഇതിന് പോര്‍ട്ടല്‍ തുടങ്ങി. അപേക്ഷകരില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനവും തിരിച്ചറില്‍ കാര്‍ഡും യാത്രാബത്തയും നല്‍കും. ഭക്ഷണ ലഭ്യത ഉറപ്പാക്കുന്നതിന് ആവിഷ്‌ക്കരിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും കോര്‍പറേഷനിലും ഉണ്ടെന്ന് ഉറപ്പാക്കണം. വിതരണ സമ്പ്രദായവംു ഫലപ്രദമാക്കേണ്ടതുണ്ട്. ഇത് കൂടാതെ കുടുംബശ്രീ യൂണിറ്റുകള്‍ വഴിയുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളും പ്രാവര്‍ത്തികമാക്കാന്‍ നടപടിയെടുക്കും.

അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സാധനങ്ങള്‍ എത്തിക്കാനും ഭക്ഷണം എത്തിച്ചു നല്‍കാനും പ്രാദേശിക തലത്തിലും കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴിയും കുറ്റമറ്റ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. ആശുപത്രികളില്‍ ഒറ്റക്കു കഴിയുന്ന രോഗികള്‍ക്ക് കൂട്ടിരിപ്പിന് സംവിധാനം വേണം. ഗര്‍ഭിണികള്‍, നവജാത ശിശുക്കള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് എല്ലാ രംഗത്തും പ്രത്യേക പരിഗണന നല്‍കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. 

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്ന പ്രവണത വിപണിയില്‍ ഉണ്ടാകാന്‍ പാടില്ല. ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന നടത്തണം. എല്ലാ കുടംുബങ്ങള്‍ക്കും 15 കിലോ അരി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനുള്ള തീരുമാനത്തില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവരെയും ഉള്‍പ്പെടുത്തും. കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് ആധാര്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഇത് നല്‍കാനാണ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം ഫലപ്രദമാക്കാണമെന്നും അവര്‍ക്ക് ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ. ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി (സിറ്റി) എ.വി ജോര്‍ജ്ജ്, ജില്ലാ പൊലീസ് മേധാവി (റൂറല്‍) ഡോ. ശ്രീനിവാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.