കമ്മ്യൂണിറ്റി കിച്ചനുകള്‍ സജ്ജമാക്കി നഗരസഭയും പഞ്ചായത്തുകളും

post

തിരുവനന്തപുരം :  കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി തിരുവനന്തപുരം നഗരസഭയും പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാവരുതെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയാണിത്. നഗരസഭയുടെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്‍ തൈക്കാട് ഗവണ്മെന്റ് എല്‍.പി.സ്‌കൂളിലാണ് ആരംഭിച്ചത്. ഉള്ളൂര്‍ ഇ.കെ.നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് റസ്റ്റ് ഹൗസ്,പാറോട്ടുകോണം,കുന്നുകുഴി എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചനുകള്‍ സജ്ജമാക്കി.നഗരസഭയുടെ നേതൃത്വത്തില്‍ കുടുംബശ്രീ,എന്‍ജിഒ,സര്‍വീസ് സംഘടനകള്‍,കാറ്ററേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിക്കുന്നത്.

വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുള്ളവര്‍ക്കും,ലോക്ക്ഡൗണ്‍ കാരണം ഭക്ഷണം ലഭിക്കാതെ ഒറ്റപ്പെട്ട് കഴിയുന്നവര്‍,ഒറ്റപ്പെട്ട് കഴിയുന്ന പ്രായമായവര്‍, ഇതരസംസ്ഥാനത്തൊഴിലാളികള്‍, നഗരസഭയുടെ ക്വാറന്റൈന്‍ സെന്ററുകളില്‍ കഴിയുന്നവര്‍,പുത്തരിക്കണ്ടത്ത് താമസിപ്പിച്ചിരിക്കുന്നവര്‍ക്കും ആവശ്യമായ ഭക്ഷണം സൗജന്യമായി എത്തിക്കുന്നുണ്ട്.മൂന്ന് നേരത്തേക്കുള്ള ഭക്ഷണമാണ് കമ്യൂണിറ്റി കിച്ചണില്‍ തയാറാക്കുന്നത്.വെള്ളയ്ക്കടവ്,നന്തന്‍കോട് എന്നിവിടങ്ങളില്‍ ഇന്ന് (മാര്‍ച്ച് 28) കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തനസജ്ജമാവും.നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനുകളില്‍ പാകം ചെയ്യുന്ന ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് നഗരസഭയുടെ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം എന്ന മൊബൈല്‍ ആപ്പിലെ രീ്ശറ 19 എന്ന ലിങ്കിലോ,ംംം.രീ്ശറ19്ോ.രീാഎന്ന വെബ് പേജ് വഴി രജിസ്റ്റര്‍ ചെയ്യുകയോ,9496434448,9496434449,9496434450 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കുകയോ ചെയ്യാം.വിതരണസൗകര്യത്തിനായി ഭക്ഷണം ആവശ്യമുള്ള ദിവസത്തിന്റെ തലേദിവസം വിവരം അറിയിക്കണം.വോളന്റിയര്‍ സംഘം ആവശ്യക്കാരുടെ വീടുകളില്‍ ഭക്ഷണം എത്തിക്കും.അവശ്യഘട്ടത്തില്‍ ജില്ലയിലെ 100 വാര്‍ഡുകളിലേക്കും സംവിധാനം ഏര്‍പ്പെടുത്തുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

ജില്ലയില്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നിലവില്‍ 48 കമ്മ്യൂണിറ്റി കിച്ചനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.ഭക്ഷണം ആവശ്യമുള്ളവര്‍ അതാത് പഞ്ചായത്ത് കമ്മിറ്റി നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടണം.വോളന്റിയര്‍ സംഘത്തിന്റെ സഹായത്തോടെ ഭക്ഷണം വീടുകളില്‍ എത്തിക്കും.കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷണം തയാറാക്കുന്നത്.ഉച്ചയ്ക്കുള്ള ഭക്ഷണത്തിന് 20 രൂപയാണ് വില.രാവിലെയും രാത്രിയുമുള്ള ഭക്ഷണത്തിന് മിതമായ നിരക്കാണ്.ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ് അഞ്ചു രൂപയാണ്.കമ്മ്യൂണിറ്റി കിച്ചനുകളില്‍ ഭക്ഷണം തയാറാക്കുന്നതിനായി സിവില്‍ സപ്ലൈസില്‍ നിന്നും 10 രൂപ 90 പൈസയ്ക്ക് അരിയും സപ്ലൈകോയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ മറ്റ് അവശ്യ സാധനങ്ങളും ലഭ്യമാണ്.പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അശരണര്‍ക്കും ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും സൗജന്യമായാണ് ഭക്ഷണം നല്‍കുന്നത്.കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവര്‍ത്തനം മോണിറ്ററിങ് കമ്മിറ്റി വിലയിരുത്തും.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചന്‍ മോണിറ്ററിങ് സെല്ലില്‍ ഭക്ഷണം സംബന്ധിച്ച പരാതിയും അഭിപ്രായങ്ങളും അറിയിക്കാം.0471-2447552,9446615509,9447894148എന്നീ നമ്പറുകളില്‍ ഇതുമായി ബന്ധപ്പെടാം.