കോവിഡ് 19 :അലംഭാവം അരുത്; ജാഗ്രത തുടരണം:ജില്ലാ കളക്ടര്‍

post

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും അലംഭാവം കാട്ടരുതെന്നും രോഗവ്യാപനം തടയുന്നതിന് അതീവ ജാഗ്രത തുടരണമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരുമായി  കളക്ടറേറ്റില്‍ നിന്നും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ പുറത്തിറങ്ങുകയോ, മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യുന്നില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. നിരീക്ഷണത്തിലുള്ളവര്‍ വീടു വിട്ട് പുറത്തു പോകുന്നില്ലെന്ന് തദ്ദേശസ്ഥാപന അധ്യക്ഷനും സെക്രട്ടറിയും ഉറപ്പാക്കണം. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ കോവിഡില്‍ നിന്നും വേഗം മുക്തരാകാന്‍ നമുക്കു സാധിക്കും. സ്ഥിരമായി മരുന്നു കഴിക്കുന്ന ആളുകള്‍, നിര്‍ധനരായ രോഗികള്‍ എന്നിവര്‍ക്ക് മരുന്ന് ലഭിക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാം. 

അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി ജനങ്ങള്‍ കടകളില്‍ തിങ്ങിക്കൂടുന്നത് ഒഴിവാക്കണം. മാര്‍ക്കറ്റുകള്‍, റോഡുകള്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ പൊതു ഇടങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം. 

തെരുവില്‍ ഉറങ്ങുന്നവര്‍, അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍, നിരാലംബര്‍ എന്നിവരെ പുനരധിവസിപ്പിക്കുക, ഭക്ഷണം, വ്യക്തിശുചിത്വം, ആരോഗ്യ പരിരക്ഷ എന്നിവയും ഉറപ്പാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഇതര ആരോഗ്യസംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. ഡയാലിസിസ്, ഹൃദയസംബന്ധമായത്, മാനസികാരോഗ്യം തുടങ്ങിയ മരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുഖേന ലഭ്യമാക്കും.  വീടുകളിലെ അംഗങ്ങള്‍ക്ക് ആശുപത്രിയില്‍ പോകേണ്ട ആവശ്യമുണ്ടായാല്‍ നിരീക്ഷണത്തിലുള്ള ആള്‍ കൂടെ പോകരുത്. ആശുപത്രിയില്‍ പോകുന്നതിന് സ്വന്തം വാഹനം ഉപയോഗിക്കുകയോ, പ്രഥമികാരോഗ്യ കേന്ദ്രവുമായോ, ജില്ലാ മെഡിക്കല്‍ ഓഫീസ് കോള്‍ സെന്ററുമായോ ബന്ധപ്പെടണം. 

ആശവര്‍ക്കര്‍മാര്‍ സത്യവാങ്മൂലവുമായി ഐസൊലേഷനില്‍ കഴിയുന്നവരുടെ വീടുകളില്‍ എത്തുന്ന സാഹചര്യത്തില്‍ ഒപ്പിട്ടു നല്‍കുന്നതില്‍ ചില കുടുംബങ്ങള്‍ വിസമ്മതിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു. ഇത്തരം സാഹചര്യത്തില്‍ വിസമ്മതിക്കുന്ന കുടുംബങ്ങളുടെ പട്ടിക തയാറാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നത് ഒറ്റപ്പെടുത്തുകയാണെന്ന് വീട്ടുകാര്‍ പരാതിപ്പെടുന്നതായും പഞ്ചായത്ത്  പ്രസിഡന്റുമാര്‍ പറഞ്ഞു. ഇത് ഒറ്റപ്പെടുത്തല്‍ അല്ലെന്നും സര്‍ക്കാര്‍ തീരുമാന പ്രകാരമുള്ള സാമൂഹിക സുരക്ഷയാണ് ഉറപ്പുവരുത്തുന്നതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സ്റ്റിക്കര്‍ പതിക്കുന്നതിലൂടെ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കുന്നുണ്ടെന്നും ഇക്കാര്യം എല്ലാവരും ഉള്‍ക്കൊള്ളണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 

എല്ലാ പഞ്ചായത്തുകളിലും കോള്‍ സെന്ററുകളുടെ  പ്രവര്‍ത്തനം തുടങ്ങി. അതിഥി തൊഴിലാളികളുടെ പട്ടികയും വിശദാംശങ്ങളും ശേഖരിച്ച്  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ തൊഴിലാളികള്‍ ഉള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ക്യാമ്പ് തുടങ്ങി ഭക്ഷണം നല്‍കും. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സാധനങ്ങളാണ് ആവശ്യമെങ്കില്‍ അവയും നല്‍കും. 

തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് ആവശ്യമായ മാസ്‌കുകളും സാനിറ്റൈസറുകളും ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചെങ്ങറ സമരഭൂമിയിലെയും ആറന്മുള വിമാനത്താവള പ്രദേശത്തെയും നിവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച് പട്ടിക തയാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എ.എല്‍. ഷീജ, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഷൈമ തുടങ്ങിയവര്‍ പങ്കെടുത്തു.