തിരുവനന്തപുരം ജില്ലയിൽ ഹൗസ് മാർക്കിംഗ് തുടങ്ങി

post

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കുന്നതിനായി ജില്ലയിൽ ഹൗസ് മാർക്കിംഗ് ആരംഭിച്ചു. ഇതിനായി തയ്യാറാക്കിയ സ്റ്റിക്കറിന്റെ പ്രകാശനം കളക്ടറേറ്റിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഹൗസ് മാർക്കിംഗിലൂടെ കൃത്യമായ ഹോം ഐസൊലേഷൻ സാധ്യമാക്കുകയാണ് ലക്ഷ്യം.  നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പ്രത്യേക സീരിയൽ നമ്പരോടു കൂടിയ സ്റ്റിക്കർ പതിക്കും. നിരീക്ഷണം ആരംഭിക്കുന്ന തീയതിയും അവസാനിക്കുന്ന തീയതിയും സ്റ്റിക്കറിൽ രേഖപ്പെടുത്തും. വീട്ടിൽ എത്രപേർ നിരീക്ഷണത്തിലുണ്ടെന്നും സ്റ്റിക്കറിലൂടെ അറിയാൻ കഴിയും. ഇതിലൂടെ ആരോഗ്യ പ്രവർത്തകർക്ക് ഇവരെ കൃത്യമായി നിരീക്ഷിക്കാനും സേവനങ്ങൾ എത്തിക്കാനും കഴിയും. 

ഇന്ന് ജില്ലയിൽ പുതുതായി 3,062 പേർ പുതുതായി രോഗനിരീക്ഷണത്തിലായി. 3 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ  11,024 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 13 പേരെ പ്രവേശിപ്പിച്ചു 26 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 43 പേരും ജനറൽ ആശുപത്രിയിൽ 27 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 3 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 9 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 7 പേരും എസ്.എ.റ്റി. ആശുപത്രിയിൽ 9 പേരും കിംസ് ആശുപത്രിയിൽ  3 പേരും  ഉൾപ്പെടെ 101 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്

ഇന്ന് 43 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 1,222 സാമ്പിളുകളിൽ 943 പരിശോധനാഫലം ലഭിച്ചു. ഇന്ന് ലഭിച്ച 65 പരിശോധനാഫലവും നെഗറ്റീവാണ്. 235 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട് 

ജില്ലയിൽ ഇന്ന് പോസിറ്റീവ് കേസുകളില്ല. നേരത്തെ പോസിറ്റീവായ മൂന്ന് പേർ  മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്‌സയിലുണ്ട്. സാമ്പിൾ തുടർ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ഇറ്റലിക്കാരനായ വ്യക്തിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രത്യേക മുറിയിലും മറ്റ് രണ്ട് പേരെ വീടുകളിലും നിരീക്ഷണത്തിൽ വിട്ടു. ജില്ലയിലെ അഞ്ചാമത്തെ പോസിറ്റീവ് കേസുമായി അടുത്തിടപഴകിയ എല്ലാവരെയും കണ്ടെത്തി രോഗ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്

കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 31 പേരെയും വിമൻസ് ഹോസ്റ്റലിൽ 40 പേരെയും ഐ എം ജി ഹോസ്റ്റലിൽ 36 പേരെയും വേളി സമേതി ഹോസ്റ്റലിൽ 19 പേരെയും മൺവിള കോ ഓപറേറ്റീവ്  ട്രെയിനിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ 15 എസ് യു റ്റി റോയൽ ആശുപത്രിയിൽ 12 പേരെയും താമസിപ്പിച്ചിട്ടുണ്ട്. പുല്ലുവിള ലിയോ തേർട്ടീന്ത്  സ്കൂളിൽ 30 പേരെയും പൂവാർ എൽ.പി.സ്കൂളിൽ 102 പേരെയും കരുതൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്.