ഹാല ഹാലോ......ശ്രദ്ധിക്കൂ...ജാഗ്രതവേണം, മുന്‍കരുതല്‍ വേണം

post

ഇടുക്കി  : കോവിഡിനെ തുരത്താന്‍ മുന്‍കരുതലും ജാഗ്രതയുമായി വീടുകളില്‍ കഴിയണമെന്ന് ഉറക്കെ വിളംബരം ചെയ്ത് അവര്‍ ജില്ലയുടെ ഗ്രാമഗ്രാമാന്തരങ്ങളിലും പട്ടണങ്ങളിലും ചുറ്റിക്കറങ്ങാന്‍ തുടങ്ങി. ജനനന്‍മയ്ക്കായി  ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ഇന്നലെ മുതല്‍. ഓള്‍ കേരള ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷന്‍ ജില്ലാ ഘടകമാണ് ഈ നിസ്വാര്‍ഥ സേവനത്തിനു മുന്നിട്ടിറങ്ങിയിരിക്കുന്നത്. കോവിഡ് സംബന്ധിച്ചും ലോക് ഡൗണ്‍ സംബന്ധിച്ചുമുള്ള മുന്നറിയിപ്പുകളും ജാഗ്രതയും വിളംബരം ചെയ്ത് ഓരോ അനൗണ്‍സ്മെന്റ് വാഹനവും ഇനിയുള്ള ദിനങ്ങളില്‍ ജില്ലയില്‍ ചുറ്റിക്കറങ്ങും. ജില്ലാ ഭരണകൂടവും പോലീസുമായി സഹകരിച്ചാണ് അസോസിയേഷന്‍ ഈ സേവനത്തിനു ഇറങ്ങിത്തിരിച്ചത്. പരിപാടിയുടെ ഫ്ളാഗ് ഓഫ് കളക്ടറേറ്റില്‍ ജില്ലാ പോലീസ് മേധാവി പി. കെ. മധുവിന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ നിര്‍വഹിച്ചു. 47 പ്രചാരണ വാഹനങ്ങളാണ് രംഗത്തുള്ളത്. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം എം ദേവസ്യ, ജില്ലാ പ്രസിഡന്റ് പി. ജെ. ടോമി, സെക്രട്ടറി ഷാജു, ട്രഷറര്‍ ജിജി, മേഖല പ്രസിഡന്റ് ജോയ്സ് തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.