കോവിഡ് -19 : പ്രവര്‍ത്തനം ശക്തമാക്കി തൊഴില്‍ വകുപ്പ്

post

* സംസ്ഥാനത്താകെ ഇതു വരെ 4603 മൈഗ്രന്റ് ക്യാമ്പുകല്‍

* 1,44,145 അതിഥി തൊഴിലാളികള്‍

തിരുവനന്തപുരം : കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആശ്വാസ നടപടികളും ശക്തമാക്കി തൊഴില്‍ വകുപ്പ്. സംസ്ഥാനത്ത് തൊഴിലെടുക്കുന്ന ഇതര സംസ്ഥാന (അതിഥി) തൊഴിലാളികളുടെ ക്ഷേമമുറപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെയും തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെയും നിര്‍ദേശത്തിന്റെയടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസിന്റെ ഉത്തരവനുസരിച്ച്  അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) കെ.ശ്രീലാലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

എറണാകുളം, കോഴിക്കോട്,കൊല്ലം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ നിയന്ത്രണത്തില്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍മാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരും ഓഫീസ് ജീവനക്കാരും സംസ്ഥാനത്തെ എല്ലാ ലേബര്‍ ക്യാമ്പുകളും സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതോടൊപ്പം അസംഘടിത മേഖലയിലെ തൊഴിലാളികളെയും അവശ്യ സേവനം വേണ്ടി വരുന്ന അതിഥി തൊഴിലാളികളെയും കണ്ടെത്തി അവര്‍ക്ക് അതത് ജില്ലാ ഭരണ സംവിധാനങ്ങളുടെ സഹകരണത്തോടെ ഭക്ഷണം ഉള്‍പ്പെടെ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്താകെ ഇതു വരെ 4603 അതിഥി തൊഴിലാളി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.(തിരുവനന്തപുരം-62, കൊല്ലം-161, പത്തനംതിട്ട-131,ആലപ്പുഴ-326, ഇടുക്കി -37, കോട്ടയം-365,എറണാകുളം-189,തൃശൂര്‍-184,പാലക്കാട്-261,മലപ്പുറം-9,കോഴിക്കോട്-739,വയനാട്-402,കണ്ണൂര്‍-1710, കാസര്‍ഗോഡ്-27). ഇവിടങ്ങളിലെല്ലാം തൊഴില്‍വകുപ്പിന്റെ ജില്ലാതല ടീം ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും ടീമിനൊപ്പം പരിശോധനകള്‍ നടത്തുകയും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്താകെയുള്ള ഈ ക്യാമ്പുകളിലായി ആകെ 1,44,145 തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. (തിരുവനന്തപുരം-3491, കൊല്ലം-4237, പത്തനംതിട്ട-6730,ആലപ്പുഴ-7613, ഇടുക്കി -1889, കോട്ടയം-21850,എറണാകുളം-45523,തൃശൂര്‍-4985,പാലക്കാട്-13271,മലപ്പുറം-21,കോഴിക്കോട്-11521,വയനാട്-5723,കണ്ണൂര്‍-15483, കാസര്‍ഗോഡ്-1808). ഈ ക്യാമ്പുകളിലെല്ലാം ശുചിത്വ പരിശോധനയും സ്‌ക്വാഡ് ഇന്‍സ്പെക്ഷനുകളും തൊവില്‍വകുപ്പ് ഇതിനോടകം നടത്തിക്കഴിഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും അതത് ജില്ലാ മെഡിക്കല്‍ ഓഫീസുകളുടെയും സഹകരണം ഉറപ്പാക്കിക്കൊണ്ട് മെഡിക്കല്‍ ക്യാമ്പുകളും എക്സൈസ് വകുപ്പിന്റെയും ഡോക്ടര്‍മാരുടെയും സഹകരണത്തോടെ ലഹരി മുക്ത ക്യാമ്പയിനുകളും രോഗപ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങളും തൊഴില്‍ വകുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലും മാസ്‌ക്കുകളും സോപ്പുകളും സാനിറ്റൈസറുകളും ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. ഇതോടൊപ്പം കോണ്‍ട്രാക്റ്റര്‍മാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികള്‍ക്ക് ശുചിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികളും ഭക്ഷണമുള്‍പ്പെടെയും വൃത്തിയായ താമസ സൗകര്യം നല്‍കേണ്ടതിന്റെ ആവശ്യകതയും മനസിലാക്കിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാര്‍, എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ദേശീയ ആരോഗ്യ മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവരുടെ സേവനവും ക്യാമ്പുകളില്‍ ഉറപ്പാക്കി കഴിഞ്ഞു.

 കൊറോണ വൈറസ് ബാധയെ സംബന്ധിച്ചും അതിനെ എങ്ങിനെ പ്രതിരോധിക്കാനാവും എന്ന കാര്യത്തിലും അതിഥി തൊഴിലാളികള്‍ക്കായി ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളില്‍ ബ്രോഷറുകള്‍, ലീഫ്ലെറ്റുകല്‍, ലഘു വീഡിയോകള്‍ എന്നിവ നല്‍കിവരുന്നു. ഇതോടൊപ്പം ഹിന്ദി കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയും അവബോധ പ്രചരണങ്ങള്‍ക്ക് തൊഴില്‍ വകുപ്പ് നടപടി സ്വീകരിച്ചു കഴിഞ്ഞു.

തൃശൂര്‍ ജില്ലയിലെ കൊണ്ടാഴിയില്‍ ഒരു അതിഥി തൊഴിലാളിയെ മെഡിക്കല്‍കോളജില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ 11 പേരുടെ സ്രവ പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍ പഞ്ചായത്തില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കും വയനാട്ടില്‍ മൂന്നു അതിഥി തൊഴിലാളികള്‍ക്കും പനി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പരിശോധനയിലാണ്.

സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള കമ്യൂണിറ്റി കിച്ചണ്‍ വഴിയും തൊഴിലുടമകള്‍ വഴിയും മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിയും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും ശുചിത്വ, ആരോഗ്യ സംരക്ഷണത്തിനുള്ള നടപടികലും വകുപ്പ് സ്വീകരിച്ചുകഴിഞ്ഞു. വരും ദിനങ്ങലിലും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആവശ്യം വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ലേബര്‍ കമ്മീഷണര്‍ അതത് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.