അടൂര്‍ മണ്ഡലത്തില്‍ കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം ആരംഭിച്ചു

post

പത്തനംതിട്ട : കോവിഡ് 19 തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ അടൂര്‍ മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കമ്യൂണിറ്റി കിച്ചണിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.

നിര്‍ദ്ധനര്‍, കിടപ്പു രോഗികള്‍, വയോജനങ്ങള്‍, നിരാശ്രയര്‍, അലഞ്ഞു നടക്കുന്നവര്‍, ഒറ്റപ്പെട്ടു കഴിയുന്നവര്‍ എന്നിവര്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു.  സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കൊറോണ പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. കിച്ചണ്‍ തൊഴിലാളികള്‍ക്ക് മാസ്‌ക്, സാനിട്ടൈസര്‍, ഹാന്‍ഡ്വാഷ്, സോപ്പ് തുടങ്ങിയ എല്ലാ പ്രതിരോധ മുന്‍കരുതലുകളും ഉറപ്പുവരുത്തിയിട്ടുണ്ട്.  

അടൂര്‍ മണ്ഡലത്തിലെ ഏഴു പഞ്ചായത്തിലും രണ്ട് നഗരസഭയിലും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചിട്ടുണ്ട്. പന്തളം നഗരസഭയില്‍ പന്തളം, കുരമ്പാല, അടൂര്‍ നഗരസഭയില്‍ അടൂര്‍ ടൗണ്‍, പറക്കോട്, ഏറത്ത് ചൂരക്കോട്, കടമ്പനാട് ,മണ്ണടി, പള്ളിക്കല്‍ ആലുംമൂട്, പെരിങ്ങനാട്, പന്തളം തെക്കേക്കര തട്ട ഗവ.എല്‍.പി.എസ്, ഏഴംകുളത്ത് മാങ്കൂട്ടം, ഏനാത്ത്, കൊടുമണ്‍, തുമ്പമണ്‍ എന്നിവിടങ്ങളിലാണു കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ വോളണ്ടിയര്‍ സമിതികള്‍ രൂപീകരിച്ചാണു കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം ആരംഭിച്ചു

പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം തുടങ്ങി. നഗരസഭയുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണു കിച്ചന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. നിലവില്‍ ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലും കളക്ടറേറ്റിലും നഗരസഭ ആഹാരം എത്തിച്ചു നല്‍കുന്നുണ്ട്.

നഗരസഭ അധ്യക്ഷ റോസ്ലിന്‍ സന്തോഷ്, ഉപാധ്യക്ഷന്‍ എ.സഗീര്‍, സ്ഥിരംസമിതി അധ്യക്ഷരായ കെ.ജാസിംകുട്ടി, സിന്ധു അനില്‍, കൗണ്‍സിലര്‍മാരായ പി.കെ ജേക്കബ്, റോഷന്‍ നായര്‍, പി.കെ അനീഷ്, പി.വി അശോക് കുമാര്‍, അന്‍സര്‍ മുഹമ്മദ്, നഗരസഭ സെക്രട്ടറി എ.എം മുംതാസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മോനി വറുഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉച്ചഭക്ഷണം ആവശ്യമുള്ളവര്‍ക്ക് രാവിലെ 10.30 ന് മുമ്പ്  0468 2222249 എന്ന നമ്പറില്‍ ബന്ധപ്പെട്ട് കോണ്‍ടാക്ട് നമ്പര്‍ ഉള്‍പ്പെടെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണപ്പൊതികള്‍ ആവശ്യക്കാരിലേക്ക് 

ജില്ലയില്‍ കോവിഡ് 19 ന്റെ സാഹചര്യം പരിഗണിച്ച് വീടുകളില്‍ കഴിയുന്ന പരസഹായം ഇല്ലാത്തവര്‍ക്കും വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്കും ഭക്ഷണപ്പൊതികളുമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്. വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ അവര്‍  ലഭ്യമാക്കിയിട്ടുള്ള ലിസ്റ്റ് പ്രകാരമാണ് കമ്മ്യൂണിറ്റി കിറ്റണില്‍ തയ്യാറാക്കിയ ഭക്ഷണം എത്തിക്കുന്നത്. വയോജനങ്ങള്‍ തനിച്ചുതാമസിക്കുന്ന വീടുകള്‍, തൊഴില്‍നഷ്ടപ്പെട്ട വരുമാനമില്ലാത്തവര്‍, ആഹാരം പാകംചെയ്തു നല്‍കിയിരുന്ന വീട്ടുജോലിക്കാര്‍, കൊറോണയുടെ സാഹചര്യത്തില്‍ എത്താന്‍ കഴിയാത്ത വീടുകളിലെ അംഗങ്ങള്‍ എന്നിവര്‍ക്കാണു വീട്ടില്‍ ഭക്ഷണം എത്തിച്ചു നല്‍കുന്നത്.കൂടാതെ നിരാലംബരായി വഴിയരികില്‍ കാണപ്പെടുന്നവര്‍ക്കും ഭക്ഷണം നല്‍കും.

സര്‍ക്കാര്‍ സൗജന്യറേഷന്‍ വീടുകളില്‍ എത്തുന്നതുവരെയാണ് ആഹാരം എത്തിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍ പറഞ്ഞു. കൂടാതെ അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലെത്തി അവരുടെ ആവശ്യം മനസിലാക്കി അരിയും, പലവ്യഞ്ജനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു വരുന്നു.