ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി 2713 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി

post

ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചു.വെള്ളിയാഴ്ച ജില്ലയില്‍ 2713 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം.ഷഫീഖ് അറിയിച്ചു. ഇതില്‍ 260 അതിഥി തൊഴിലാളികളും ഉള്‍പ്പെടും.

ലോക്ക് ഡൗണ്‍ കാരണം ജനങ്ങള്‍ക്ക് ഭക്ഷണം ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് കമ്മ്യൂണിറ്റി കിച്ചണിന്റെ ലക്ഷ്യം. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ആവശ്യക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും. അഗതികള്‍, കിടപ്പു രോഗികള്‍, ഭിക്ഷാചകര്‍, നിര്‍ദ്ധനര്‍ എന്നിവര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യും. പ്രത്യേകം നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ഭക്ഷണം നേരിട്ട് വീടികളില്‍ എത്തിച്ചും നല്‍കും. സൗജന്യ ഭക്ഷണത്തിന് അര്‍ഹരായവരുടെ പട്ടിക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തന്നെ തയ്യാറാക്കും. തദ്ദേശ സ്ഥാപന തലത്തില്‍ രൂപീകരിക്കുന്ന വാളന്റിയര്‍മാര്‍ വഴിയാണ് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. ഇതിനുള്ള ചെലവ് അതാത് തദ്ദേശ സ്ഥാപനം വഹിക്കും. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെടാത്തവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണുകളില്‍ ചെന്ന് ഭക്ഷണം വാങ്ങുന്നതിന് ഇരുപത് രൂപയും വീട്ടില്‍ എത്തിച്ചു നല്‍കുന്നതിന് ഇരുപത്തിയഞ്ച് രൂപയുമാണ് ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 10രൂപ സബ്സിഡി ഉള്‍പ്പെടെയാണീ നിരക്ക്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും അവിടുത്തെ ആവശ്യമനുസരിച്ചാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ സജ്ജീകരിക്കുന്നത്. നഗരസഭകളില്‍ 10 വാര്‍ഡിന് ഒരെണ്ണം എന്ന രിതിയില്‍ കമ്മ്യൂണിറ്റി കിച്ചണുകളൊരുക്കും. കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭക യൂണിറ്റുകള്‍ക്കാണ് കമ്മ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പ് ചുമതല.

കമ്മ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാസ്‌കും കൈയ്യുറയും ധരിക്കണം. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം. പാചകത്തിനുപയോഗിക്കുന്ന വെള്ളം, മറ്റ് വ്സതുക്കള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കണം. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി, കിച്ചണ്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ വാര്‍ഡ് അംഗം, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍, തദ്ദേശ സ്ഥാപനം നിര്‍ദ്ദേശിക്കുന്ന സംഘടനാ പ്രതിനിധി, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന സമിതിയാണ് കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. കമ്മ്യൂണിറ്റി കിച്ചണുകളിലേക്കാവശ്യമായ ഭക്ഷണ വസ്തുക്കള്‍ റേഷന്‍ കടയില്‍ നിന്നും വാങ്ങാം. പലവ്യഞ്ജനങ്ങള്‍ സപ്ലൈക്കോ സ്റ്റോറുകളില്‍ നിന്നും പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ്, സംഘകൃഷി ഗ്രൂപ്പുകള്‍, പ്രാദേശിക കര്‍ഷകര്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങാം.