ആരും വിശന്നിരിക്കേണ്ട : വീട്ടു പടിക്കല്‍ ഭക്ഷണ വിതരണം തുടങ്ങി

post

12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍  കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു

കാസര്‍ഗോഡ് : അപ്രതീക്ഷിതമായി ജീവിതം വീടിന്റെ അകത്തളങ്ങളിലേക്ക് പറിച്ചു നട്ടപ്പോള്‍, ആശ്രയമറ്റവര്‍ക്ക് അതിജീവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് കമ്മ്യൂണിറ്റി കിച്ചന്‍ എന്ന നൂതന സങ്കല്‍പ്പത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ(മാര്‍ച്ച് 27) ജില്ലയിലെ  ഒന്‍പത് പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട്,നീലേശ്വരം, എന്നീ നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളായ ചെമ്മനാട്,പള്ളിക്കര,പുല്ലൂര്‍-പെരിയ,അജാനൂര്‍,പിലിക്കോട്,പടന്ന ,വലിയപറമ്പ,മംഗല്‍പ്പാടി,ചെറുവത്തൂര്‍  എന്നിവിടങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രത്തില്‍ ആരംഭിച്ച  കമ്മ്യൂണിറ്റി കിച്ചനില്‍ ഭക്ഷണം പാകം ചെയ്ത് സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കും ഇന്നലെ(മാര്‍ച്ച് 27) സൗജന്യമായി  ഉച്ച ഭക്ഷണം എത്തിച്ചു. ചോറ്,തോരന്‍,ഒഴിച്ചു കറി,അച്ചാര്‍  എന്നീ വിഭവങ്ങള്‍ അടങ്ങിയ സമ്പൂര്‍ണ്ണമായ സസ്യാഹാരമാണ് നല്‍കിയത്..വാര്‍ഡ്തല ജനജാഗ്രതാ സമിതിയാണ് വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ജില്ലയിലെ അവശേഷിക്കുന്ന പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തിയതായും  ഉടന്‍ തന്നെ ഇവിടങ്ങളില്‍ നിന്നും കൂടി ഭക്ഷണ വിതരണം ആരംഭിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍  പറഞ്ഞു.