കര്‍ണ്ണാകടയില്‍ നിന്നെത്തിയ 151 പേരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി

post

കണ്ണൂര്‍ : കര്‍ണാടകയില്‍ നിന്ന് കൂട്ടുപുഴ അതിര്‍ത്തി വഴി ജില്ലയിലെത്തിയ 151 പേരെ പതിനാലു ദിവസത്തെ നിരീക്ഷണത്തിനായി ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി. ബാംഗ്ലൂര്‍, മൈസൂര്‍ തുടങ്ങി കര്‍ണ്ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികളെയാണ് സെന്ററുകളില്‍ താമസിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ എത്തിയ 62 പുരുഷന്മാരും ഒന്‍പത് സ്ത്രീകളും, 10 കുട്ടികളുമുള്‍പ്പടെ 81 പേരെ വൈകുന്നേരം വരെ കുന്നോത്ത് സെന്റ്തോമസ് ഹയര്‍സെക്കന്ററി സ്‌കുളില്‍ താമസിപ്പിച്ചു. രാത്രിയോടെ ഇവരെ രണ്ടു കെ എസ് ആര്‍ ടി സി ബസ്സുകളില്‍ കണ്ണൂരിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. കണ്ണൂര്‍ നഗരത്തിലെ അറഫ ഇന്റര്‍നാഷനല്‍, വിചിത്ര, സെന്റോര്‍ തുടങ്ങിയ ഹോട്ടലുകലുകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. കണ്ണൂരിലെ ബ്ലൂനെയില്‍, റോയല്‍ ഓമര്‍സ്, മലബാര്‍ റസിഡന്‍സി, ദി റെയിന്‍ബോ സ്യൂട്ട്സ് തുടങ്ങിയ വിവിധ ഹോട്ടലുകളും കോവിഡ് കെയര്‍ സെന്ററുകളായി ഏറ്റെടുത്തിട്ടുണ്ട്. കണ്ണൂര്‍ തഹസില്‍ദാര്‍ വി എം സജീവന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ വി ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ നടന്നത്.

ഇതിനു പുറമെ, കഴിഞ്ഞ ദിവസങ്ങളിലായി എത്തിയ 28 പുരുഷന്മാരും 2 സ്ത്രീകളും 1 കുട്ടിയുമുള്‍പ്പടെ 31 പേരെ തളിപ്പറമ്പ ആയുര്‍വേദാശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 39 പേര്‍ താണ പ്രീമെട്രിക്ക് ഹോസ്റ്റലിലും ഒരാള്‍ പയ്യാമ്പലം ടി ടി ഐയിലും നിരീക്ഷണത്തിലുണ്ട്.

കൂട്ടുപുഴ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരിട്ടി താലൂക്ക് തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍, താലൂക്കാശുപത്രി സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നല്‍കുന്നത്.

നിലവില്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം രോഗലക്ഷണങ്ങളില്‍ പ്രകടിപ്പിച്ചിട്ടില്ലെങ്കില്‍ വീടുകളിലേക്കും അല്ലാത്തവരെ ആശുപത്രികളിലേക്കും മാറ്റും. കെയര്‍സെന്ററുകളില്‍ ഭക്ഷണമുള്‍പ്പടെയുള്ള അവശ്യ വസ്തുക്കളും സൗകര്യങ്ങളും എത്തിച്ചു നല്‍കുന്നതിനൊപ്പം നിരീക്ഷണത്തിനായി മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. നിരീക്ഷണ കേന്ദ്രത്തിലേക്ക് ഒരു കാരണവശാലും സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

സംസ്ഥാന അതിര്‍ത്തി കടുന്നു വരുന്നവരെ പതിനാലു ദിവസം കൊറോണ കെയര്‍സെന്ററുകളില്‍ നിരീക്ഷണത്തിന് വിധേയമാകണം എന്ന നിബന്ധനയോടെയാണ് ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നത്. നിരീക്ഷണത്തിന് സന്നദ്ധരകാത്തവരെ അതിര്‍ത്തിയില്‍ നിന്ന് തിരിച്ചയക്കുകയാണ് ചെയ്യുന്നത്. വരുംദിനങ്ങളില്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ക്കശമാക്കും.