സ്ഥിരം മദ്യപാനികളുടെ ആരോഗ്യ പ്രശ്നത്തില്‍ കരുതല്‍ വേണ്ടി വരും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

post

തിരുവനന്തപുരം : മദ്യം കിട്ടാതെ വരുന്നതോടെ സ്ഥിരം മദ്യപാനികളായ ആളുകള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ കരുതല്‍ വേണ്ടി വരുമെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  കളക്ടറേറ്റില്‍ കോവിഡ് 19 അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യം കിട്ടാതെ വരുന്നത് ചിലര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്ക അറിയിച്ചു. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ ആവശ്യമായേക്കും. അത്തരക്കാരെ ഡീ അഡിക്ഷന്‍ സെന്ററുകളിലേക്ക് മാറ്റുന്നതേക്കുറിച്ചും ആലോചിക്കേണ്ടി വരും.

ലോക്  ഡൗണിനോട് ജില്ലയിലെ ജനങ്ങള്‍ അനുകൂലമായാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പോലീസിന്റെ കര്‍ക്കശമായ ഇടപെടല്‍ ഒരു ഘട്ടത്തില്‍ വേണ്ടി വന്നു. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. ജില്ലയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ ഇവിടെയുണ്ട്. എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുന്നതിന് കമ്മ്യൂണിറ്റി കിച്ചന്‍ പ്രാദേശിക തലത്തില്‍ ആരംഭിക്കുകയാണ്. ഒരു ഘട്ടത്തിലും ആരും പട്ടിണി കിടക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.