ലോക്ക് ഡൗണ്‍: കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ അഗതികള്‍ക്കായി രക്ഷാകേന്ദ്രം

post

തൃശൂര്‍ : കോവിഡ് 19 ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂരില്‍ അഗതികള്‍ക്കായി രക്ഷാകേന്ദ്രം ആരംഭിച്ചു. കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ തയ്യാറാക്കുന്ന താല്‍ക്കാലിക അഗതി രക്ഷാ കേന്ദ്രത്തിലേക്ക് നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന അശരണരായ മുഴുവനാളുകളെയും മാറ്റിപ്പാര്‍പ്പിക്കും. അവര്‍ക്ക് ആവശ്യമായ താമസ ഭക്ഷണ സൗകര്യങ്ങളും ആരോഗ്യ പരിശോധനയും അവിടെ ഏര്‍പ്പെടുത്തുന്നതാണ്. ഇതിന്റെ ഭാഗമായി നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും കടത്തിണ്ണയില്‍ കഴിയുന്നവരെയുമെല്ലാം നഗരസഭ സുരക്ഷിത കേന്ദ്രങ്ങളിലാക്കി. വ്യാഴാഴ്ച രാവിലെ മുതല്‍ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്റെ നിര്‍ദ്ദേശപ്രകാരം നഗരസഭയുടെ വാഹനങ്ങളില്‍ വൃദ്ധരും രോഗികളുമായ മുഴുവന്‍ പേരെയും കയറ്റി കൊടുങ്ങല്ലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ മികച്ച മുറികളിലേക്കെത്തിക്കുകയായിരുന്നു. പോലീസിന്റെയും നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് ഇവരെ സുരക്ഷിതകേന്ദ്രത്തില്‍ എത്തിച്ചത്.

 കിടക്കുവാന്‍ പായ, തലയിണ, പുതപ്പ് തുടങ്ങി എല്ലാ സൗകര്യങ്ങളും നഗരസഭ ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിലെത്തിയവര്‍ക്ക് ആദ്യ ഘട്ടത്തില്‍ യുവജന സംഘടനകള്‍ ഭക്ഷണം നല്‍കി. മൂന്ന് നേരവും ഇവര്‍ക്ക് ഭക്ഷണം നല്‍കുവാനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് (മാര്‍ച്ച് 27) മുതല്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ വഴി തുടര്‍ന്ന് ഭക്ഷണം നല്‍കും. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ പരിശോധനയ്ക്കും ആവശ്യമായ മരുന്ന് നല്‍കുവാനും നിയോഗിച്ചിട്ടുണ്ട്. ഇതു വരെ 25 പുരുഷന്‍മാരെയും 5 സ്ത്രീകളെയുമാണ് സംരക്ഷണത്തിനായി ഏറ്റെടുത്തിട്ടുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ താമസം ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ എത്തിയവര്‍ക്ക് വ്യക്തി ശുചിത്വം പാലിക്കുവാന്‍ ആവശ്യമായ നിര്‍ദ്ദേശം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എസ് കൈസാബ്, സെക്രട്ടറി ടി കെ സുജിത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ വി ഗോപാലകൃഷ്ണന്‍ എന്നിവരാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.നഗരത്തില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്നവരും കടത്തിണ്ണകളിലും മറ്റും കഴിയുന്നവരും ശ്രദ്ധയില്‍ പ്പെടുന്നവര്‍ 9446994073 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.