പരിചരണത്തിനൊപ്പം ഭക്ഷണവുമൊരുക്കി നല്‍കി ജനറല്‍ ആശുപത്രി ജീവനക്കാര്‍

post

പത്തനംതിട്ട : ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ കോവിഡ് വൈറസ്ബാധയില്‍ കഴിയുന്നവരേയും നിരീക്ഷണത്തിലുള്ളവരുടേയും ചികിത്സ മാത്രമല്ല അവര്‍ക്ക് അവരുടെ ഇഷ്ടഭക്ഷണങ്ങള്‍ ഉണ്ടാക്കിനല്‍കിയുമാണ് സ്‌നേഹം പങ്കുവയ്ക്കുന്നത്. വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങാവെള്ളം, ഉച്ചയ്ക്കും വൈകിട്ടും ചോറ് അല്ലെങ്കില്‍ കഞ്ഞി, നോണ്‍വെജ് ഐറ്റം എന്നിവയാണ് ഇവിടെ ജീവനക്കാരുടെ കൂട്ടായ്മയില്‍ ഒരുക്കി നല്‍കുന്നത്. 

സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയിലെ ഭക്ഷണ വിതരണം ഒരാഴ്ചയായി നടന്നുവരികയാണ്. കോവിഡ് വൈറസ്ബാധയിലുള്ളവര്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആശുപത്രിയിലെ കോവിഡ് വാര്‍ഡിലെ ജീവനക്കാര്‍ക്കും ഉള്‍പ്പെടെ 50 പേര്‍ക്കുള്ള ഭക്ഷണമാണ് ജീവനക്കാര്‍ ഒരുക്കുന്നത്. സ്ഥിരം ഭക്ഷണമെത്തിക്കുന്ന സന്നദ്ധസംഘടനകള്‍ ആശുപത്രിയില്‍ ഭക്ഷണം എത്തിക്കുന്നതിന് പുറമേയാണ് ജീവനക്കാരുടെ ഈ കരുതല്‍. രോഗബാധിതര്‍ക്ക് ഭക്ഷണം ഒരു പ്രശ്‌നമായി വരാതിരിക്കുക, സമൂഹ വ്യാപനം(കമ്യൂണിറ്റി സ്പ്രെഡ്) ഉണ്ടായാല്‍ ഭക്ഷണം ലഭ്യമാകാത്ത അവസ്ഥ ഉണ്ടാകാതിരിക്കുക എന്നീ മുന്‍കരുതലാണ് ഈ ഉദ്യമത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി അജിത്കുമാര്‍ പറഞ്ഞു. രാജ്യം ലോക്ക് ഡൗണായ സാഹചര്യത്തില്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് ജോലിക്കെത്തുന്ന ജീവനക്കാര്‍ക്കും ഇപ്പോള്‍ ആശുപത്രി തന്നെയാണ് വീട്. ഇവര്‍ക്കും അവിടുന്നുള്ള ഭക്ഷണമാണിപ്പോള്‍ ലഭിക്കുന്നത്. 

ആശുപത്രിക്ക് സമീപമുള്ള ജീവനക്കാരുടെ വീടുകളില്‍ നിന്നാണ് ഇതിനാവശ്യമായ പാത്രങ്ങളും മറ്റും ഒരുക്കിയത്. ജീവനക്കാരുടെ ഫണ്ടില്‍ നിന്നാണ് ഭക്ഷണവിതരണം ആരംഭിച്ചത്. ഇപ്പോള്‍ എച്ച്.എം.സി, സര്‍വീസ് സംഘടനകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായവും ലഭിക്കുന്നുണ്ട്. പലചരക്ക് സാധനങ്ങള്‍, പായ്ക്കിംഗ് സാമഗ്രികള്‍, പ്ലെയിറ്റ്, രോഗികള്‍ക്കായുള്ള ബെഡ്ഷീറ്റ് തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ ലഭ്യമാകുന്നുണ്ട്.  

ആശുപത്രി ഡയറ്റീഷന്‍ സരസ്വതി, സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളായ എസ്.ബാലു, ദിനേശ്, രവി, സ്റ്റാഫ് നേഴ്‌സ് ഷാഹിന റമീസ്, എന്‍.സി.ഡി ടീം, എന്നിവരാണ് ഭക്ഷണനിര്‍മ്മാണത്തിന്റെ നേതൃത്വം വഹിക്കുന്നത്. മറ്റുള്ള ജീവനക്കാരും ഡ്യൂട്ടി സമയം അനുസരിച്ച് പാചകത്തിലും പായ്ക്കിംഗിലും ഇവര്‍ക്കൊപ്പമുണ്ട്.