ഇരവിപേരൂരില്‍ സമൂഹ അടുക്കള പ്രവര്‍ത്തനം തുടങ്ങി

post

പത്തനംതിട്ട :  ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിശപ്പ് രഹിത ഇരവിപേരൂര്‍ എന്ന ലക്ഷ്യത്തില്‍ സമൂഹ അടുക്കള (കമ്മ്യൂണിറ്റി കിച്ചണ്‍)പ്രവര്‍ത്തനം ആരംഭിച്ചു. ഇരവിപേരൂര്‍ പോസ്റ്റ് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന ആവി കഫേയാണ് ഇതിനായി സജ്ജമാക്കിയത്. തനിച്ച് താമസിക്കുന്ന നിരാലംബരായ വ്യക്തികള്‍, മാരക രോഗം മൂലം ദുരിതം അനുഭവിക്കുന്നവര്‍, അപകടത്തില്‍പ്പെട്ട് കിടക്കയില്‍ കഴിയുന്നവര്‍, പാലിയേറ്റീവ് കെയര്‍ രോഗികള്‍, തെരുവില്‍ അലയുന്നവര്‍ എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ആഹാരം ഉണ്ടാക്കുന്നതിന് ബുദ്ധിമുട്ടുള്ളവരെ ലക്ഷ്യമിട്ടാണ് സമൂഹ അടുക്കള ആരംഭിച്ചത്.

സമൂഹ അടുക്കളയുടെ പ്രവര്‍ത്തനത്തിന് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ ജനങ്ങള്‍ സംഭാവനയായി നല്‍കി വരുകയാണ്. ഓരോ വാര്‍ഡിലേക്കും പത്ത്  അംഗങ്ങളെ സന്നദ്ധപ്രവര്‍ത്തകരായി തിരഞ്ഞെടുത്തിട്ടുണ്ട് ഇതില്‍ അഞ്ച് പേരാണ് ഒരു ദിവസം പ്രവര്‍ത്തിക്കുന്നത്. ഇവര്‍ അതത് വാര്‍ഡുകളില്‍ ഭക്ഷണം എത്തിക്കും. സമൂഹ അടുക്കളയുടെ പ്രവര്‍ത്തനത്തിനായി ആളുകളുടെ എണ്ണം കൂടാതിരിക്കാന്‍ പാചകത്തിന് അഞ്ചില്‍ താഴെ ആളുകളെയാണ് നിയോഗിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തിനും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തി.

തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ് സമൂഹ അടുക്കളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയദേവി, സമൂഹ അടുക്കളയുടെ കണ്‍വീനര്‍ കൂടിയായ വൈസ് പ്രസിഡന്റ് എന്‍ രാജീവ്, ജോയിന്റ് കണ്‍വീനറായ സാബു ചക്കുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുവല്ല സബ് കളക്ടര്‍ ഇന്നലെ(26)ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കള സന്ദര്‍ശിച്ചു.