കോവിഡ് 19; ജീവന്‍ രക്ഷാമരുന്നുകള്‍ വീടുകളില്‍ എത്തിച്ച് കണ്‍സ്യൂമര്‍ ഫെഡ്

post

കൊല്ലം : കോവിഡ് 19 കാലത്ത് ജീവന്‍ രക്ഷാമരുന്നുകള്‍ വീടുകളിലെത്തിച്ച് കണ്‍സ്യൂമര്‍ ഫെഡ്. നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമാകുന്ന ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ മരുന്നുകള്‍ എത്തിച്ചു നല്‍കും. മെഡിക്കല്‍ സ്റ്റോറുകളിലേക്കുള്ള മരുന്ന് വിതരണം കൊല്ലം കടപ്പാക്കടയിലെ നീതി മെഡിക്കല്‍ വെയര്‍ഹൗസില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെ നടന്നുവരുന്നു.

കണ്‍സ്യൂമര്‍ ഫെഡ് നേരിട്ട് നടത്തുന്ന 13 സ്റ്റോറുകള്‍ ഉള്‍പ്പെടെ 53 സ്റ്റോറുകളിലേക്കാണ് ദിനംപ്രതി 5000 ല്‍ പരം ഇനം മരുന്നുകള്‍ വിതരണം ചെയ്യുന്നത്. കേരളാ ഡ്രഗ്സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സില്‍ നിന്നും ലദ്യമാകുന്ന സാനിറ്റൈസറും, മാസ്‌കുകളും യഥാസമയം ആവശ്യമനുസരിച്ച് എത്തിച്ചു നല്‍കുന്നുമുണ്ട്.

വെയര്‍ ഹൗസിലെ വാഹനം കൂടാതെ പ്രത്യേക സാഹചര്യം പരിഗണിച്ച് സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ വാഹനങ്ങളിലുമായാണ് മരുന്നുകള്‍ എത്തിക്കുന്നത്. മരുന്നുകള്‍ക്ക് ക്ഷാമമുണ്ടാകാത്ത തരത്തില്‍ മരുന്ന് സംഭരണവും നടത്തിയിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം 36.73 ലക്ഷം രൂപയുടെ മരുന്നാണ് വെയര്‍ ഹൗസില്‍ നിന്ന് വിതരണം ചെയ്തിരിക്കുന്നതെന്ന് മാനേജര്‍ അറിയിച്ചു.