കോവിഡ് 19: അഗതികള്‍ക്ക് ആശ്രയം ഒരുക്കി കോര്‍പ്പറേഷന്‍

post

തൃശൂര്‍ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരപരിധിയില്‍ കിടക്കാന്‍ സ്ഥലം ഇല്ലാതെ അലഞ്ഞുതിരിയുന്ന അഗതികള്‍ക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കും സുരക്ഷിത സ്ഥാനം ഒരുക്കി തൃശൂര്‍ കോര്‍പ്പറേഷന്റെ മാതൃക പ്രവര്‍ത്തനം. തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ഏതാണ്ട് ഇരുന്നൂറോളം വരുന്ന അഗതികളെ പാര്‍പ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ റാഫി ജോസ്, ഡെപ്യൂട്ടി കളക്ടര്‍ എം ബി ഗിരീഷ് കുമാര്‍, ഡിപിഎം ഡോ. സതീശന്‍ ടി വി എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ പരിസരം വൃത്തിയാക്കി ക്ലാസ്മുറികള്‍ ശുചീകരിച്ചു അഗതികളെ പ്രവേശിപ്പിച്ചത്.

ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും ചികിത്സിക്കാന്‍ ഡോക്ടര്‍മാരും മരുന്നും ഇവിടെത്തന്നെ ഒരുക്കും. കര്‍ഫ്യൂ കാലാവധി കഴിയുന്നതുവരെ ഇവിടെ സുരക്ഷിതമായി താമസിക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് മേയര്‍ അജിത ജയരാജന്‍ പറഞ്ഞു.ആവശ്യമായ ഭക്ഷണം ഒരുക്കാന്‍ കുടുംബശ്രീയെയും സന്നദ്ധ സംഘടനകളെയും സ്വകാര്യ വ്യക്തികളെയും ഏര്‍പ്പെടുത്തുമെന്നും മേയര്‍ അറിയിച്ചു. ഇപ്പോള്‍ അവര്‍ക്കുള്ള ഭക്ഷണം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് എത്തിക്കുന്നതെന്ന് മേയര്‍ പറഞ്ഞു.അംഗസംഖ്യ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലും അവര്‍ക്കാവശ്യമുള്ള കിടപ്പാടവും ഭക്ഷണവും ഒരുക്കും.