ലോക്ക്ഡൗണ്‍: കലക്ടറേറ്റില്‍ വിവിധ കണ്‍ട്രോള്‍ റൂമുകള്‍

post

കോഴിക്കോട് : കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് കലക്ടറേറ്റില്‍ വിവിധ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജനങ്ങള്‍ക്ക് അവശ്യവസ്തുക്കളും സേവനങ്ങളും ലഭിക്കുന്നുണ്ടെന്നും  നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ സംബശിവറാവു ഉത്തരവിട്ടത്.

ട്രാന്‍സ്പോര്‍ട്ട് കണ്‍ട്രോള്‍ റൂം

പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നതിന് റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍  നോഡല്‍ ഓഫീസറായാണ് ട്രാന്‍സ്പോര്‍ട്ട് കണ്‍ട്രോള്‍ റൂം രൂപീകരിച്ചത്. ആര്‍.ടി.ഒ പ്രതിനിധി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത പൊലിസ് ഉദ്യോഗസ്ഥന്‍ എന്നിവരും അംഗങ്ങളാണ്.ചരക്കുനീക്കത്തിന്  ആവശ്യമായ വാഹനങ്ങളുടെ  ലഭ്യത ഉറപ്പു വരുത്തണം.   ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും  ഒരിടത്തും വാഹനങ്ങളുടെ ദൗര്‍ലഭ്യം കാരണം അവശ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാവാതിരിക്കാന്‍  ശ്രദ്ധിക്കുകയും ചെയ്യണം. ഇത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കണം.

അവശ്യവസ്തുക്കളുടെ കണ്‍ട്രോള്‍ റൂം

ദേശീയ പാത ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നോഡല്‍ ഓഫീസറായാണ് അവശ്യവസ്തുക്കളുടെ കണ്‍ട്രോള്‍ റൂം രൂപീകരിച്ചത്.  ജില്ലാ സപ്ലൈ ഓഫീസര്‍, ആര്‍ടിഒ പ്രതിനിധി, ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത പൊലിസ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് അംഗങ്ങള്‍.ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുക എന്നതാണ് പ്രധാന ദൗത്യം. കൂടാതെ ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മേധാവികളുമായുള്ള ഏകോപനം, ജില്ലയിലെ എല്ലാ വ്യാപാര വ്യവസായ സംഘടനകളുമായും നിരന്തര ബന്ധം പുലര്‍ത്തുക, ജില്ലയില്‍ ഒരിടത്തും അവശ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാവാതിരിക്കാന്‍  ശ്രദ്ധിക്കുക,  അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുക, ഇവ സംബന്ധിച്ച പരാതികള്‍ ഫലപ്രദമായി പരിഹരിക്കുക തുടങ്ങിയവയാണ്  ചുമതലകള്‍.

ലോ ആന്‍ഡ് ഓര്‍ഡര്‍ കണ്‍ട്രോള്‍ റൂം

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട  ക്രമസമാധാന പ്രശ്നങ്ങള്‍, പരാതികള്‍, വില്ലേജ് തലത്തിലുള്ള സ്‌ക്വാഡുകളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന്   ജില്ലാ പൊലിസ് മേധാവിയുടെ  ഓഫീസിലാണ് ലോ ആന്റ് കണ്‍ട്രോള്‍റൂം സജ്ജീകരിച്ചിട്ടുള്ളത്. ഇതിനു പുറമേ  അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലും നോഡല്‍ ഓഫീസ് പ്രവര്‍ത്തിക്കും.