കോവിഡ് 19 : സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമ മേധാവികളുടെ അഭിനന്ദനം

post

തിരുവന്തപുരം : കോവിഡ് 19നെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമ മേധാവികളുടെ അഭിനന്ദനം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ആദ്യം അഭിനന്ദിച്ചത് മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യുവായിരുന്നു. പ്രധാനമന്ത്രി മാധ്യമ എഡിറ്റര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറഞ്ഞ് അഭിനന്ദിച്ചതായും അദ്ദേഹം വ്യക്തമാക്കി. രോഗപ്രതിരോധത്തിനായി കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.

സര്‍ക്കാരിന് എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്ന് മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം. വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. പ്രത്യേക സാഹചര്യം പരിഗണിച്ച് മാധ്യമസ്ഥാപനങ്ങള്‍ ജീവനക്കാരെ വിവിധ ഷിഫ്റ്റുകളിലാക്കിയതും വര്‍ക്ക് അറ്റ് ഹോം സംവിധാനം ഏര്‍പ്പെടുത്തിയതും വിവിധ മാധ്യമ മേധാവികള്‍ വിശദീകരിച്ചു. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ അവശ്യ സാധനങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ഏഷ്യാനെറ്റ് മേധാവി എം. ജി രാധാകൃഷ്ണന്‍ പറഞ്ഞു. ന്യൂസ് 18 കേരളം നേരത്തെ തന്നെ വര്‍ക്ക് അറ്റ് ഹോം സംവിധാനം ഏര്‍പ്പെടുത്തിയതായി രാജീവ് ദേവരാജ് പറഞ്ഞു. പല ഷിഫ്റ്റുകളിലായി ജീവനക്കാരുടെ പ്രവര്‍ത്തനം ക്രമീകരിച്ചതായി മനോരമ ന്യൂസിലെ ജോണി ലൂക്കോസ് അറിയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. ഏജന്റുമാര്‍ക്ക് സാനിറ്റൈസറുകള്‍ നല്‍കുന്നുണ്ടെന്നും സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പമുണ്ടെന്നും ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി. രാജീവ് പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങളുടെ സജീവ പിന്തുണയുണ്ടാവുമെന്ന് ജനയുഗം ചീഫ് എഡിറ്റര്‍ രാജാജി മാത്യു തോമസ് അറിയിച്ചു.

വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജന്‍മഭൂമിയിലെ കെ. കുഞ്ഞിക്കണ്ണനും മംഗളത്തിലെ സാബു വര്‍ഗീസും ദീപികയിലെ ഫാദര്‍ ബോബി അലക്സ് മണ്ണംപ്ലാക്കലും പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം ഐ. ഡി കാര്‍ഡ് പാസായി ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് കേരള കൗമുദി എഡിറ്റര്‍ ദീപു രവി പറഞ്ഞു. ചാനലിലെ 80 ശതമാനം വാര്‍ത്തയും കോവിഡുമായി ബന്ധപ്പെട്ടതാണെന്ന് കൈരളി ടിവിയിലെ എന്‍. പി. ചന്ദ്രശേഖരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഹെല്‍പ് ലൈന്‍ സംവിധാനം ഉണ്ടാവണമെന്ന നിര്‍ദ്ദേശം 24 ന്യൂസിലെ ശ്രീകണ്ഠന്‍ നായര്‍ മുന്നോട്ടുവച്ചു. സ്ഥാപനത്തില്‍ ഏര്‍പ്പെടുത്തിയ ഷിഫ്റ്റ് സംവിധാനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം. വി. നികേഷ്‌കുമാര്‍ വിശദീകരിച്ചു. ആധികാരികമായ വിവരങ്ങള്‍ ലഭ്യമാക്കി ജനങ്ങളുടെ ആശങ്ക ഒഴിവാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കലാകൗമുദി എഡിറ്റര്‍ സുകുമാരന്‍ മണി വിശദീകരിച്ചു.

ദിവസക്കൂലിക്കാരുടെ പ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ചന്ദ്രികയിലെ സി. പി. സെയ്തലവി പറഞ്ഞത്. പ്രതിസന്ധിയുടെ ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പമുണ്ടെന്ന് ജനം ടിവിയിലെ ജി. കെ. സുരേഷ്ബാബു പറഞ്ഞു. സുപ്രഭാതത്തിലെ നവാസ് പുനൂര്‍, ദ ഹിന്ദുവിലെ ടി. നന്ദകുമാര്‍, സിറാജിലെ അബ്ദുള്‍ ഗഫൂര്‍, മെട്രോവാര്‍ത്തയിലെ ആര്‍. ഗോപീകൃഷ്ണന്‍, അമൃത ടിവിയിലെ ജെ. എസ്. ഇന്ദുകുമാര്‍, മീഡിയ വണിലെ സി. എല്‍. തോമസ്, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ കിരണ്‍ പ്രകാശ്, ജയ്ഹിന്ദിലെ ബി. എസ്. ഷിജു, വീക്ഷണത്തിലെ ജയ്സണ്‍ ജോസഫ്, വര്‍ത്തമാനത്തിലെ ആസിഫ് അലി, ടൈംസ് ഓഫ് ഇന്ത്യയിലെ അനില്‍ നായര്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.