'ഹോംശ്രീ' ഹോം ഡെലിവറിയുമായി കുടുംബശ്രീ

post

കണ്ണൂര്‍ : കൊറോണയുടെ സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളും ഭക്ഷണവും വീടുകളിലോ സ്ഥാപനങ്ങളിലോ നേരിട്ടെത്തിക്കാന്‍ ഹോംശ്രീ ഹോം ഡെലിവറി പദ്ധതിയുമായി കുടുംബശ്രീ. ഇന്ന് (മാര്‍ച്ച് 25) മുതല്‍ വാര്‍ഡ് തലത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗം തീരുമാനിച്ചു. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കടകളിലേക്ക് പോകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

തദ്ദേശ സ്ഥാപന പ്രതിനിധികളുമായോ കുടുംശ്രീയുടെ വാര്‍ഡ്തല എഡിഎസ്സുമാരുമായോ ബന്ധപ്പെട്ട് ഓര്‍ഡര്‍ നല്‍കിയാല്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പടിവാതില്‍ക്കലെത്തും. ഇതിന് തദ്ദേശ സ്ഥാപന തലത്തില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കുടുംബശ്രീ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വഴിയാണ് ഹോം ഡെലിവറി സാധ്യമാക്കുക. കുടുംബശ്രീയുടെ ഹോട്ടലുകള്‍, കാന്റീനുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം പാചകം ചെയ്ത് ആവശ്യക്കാര്‍ക്ക് വീടുകളിലും ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും എത്തിക്കും.

ജനങ്ങളുടെ പ്രയാസം ലഘൂകരിക്കാന്‍ കുടുംബശ്രീ ഒരുക്കുന്ന ഹോംശ്രീ ഹോം ഡെലിവറി സംരംഭവുമായി എല്ലാവരും സഹകരിക്കണമെന്നും ചെറിയ ആവശ്യങ്ങള്‍ക്കായി വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.  

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എസ്പി യതീഷ് ചന്ദ്ര, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്‌സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായ്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.