കോവിഡ് 19: ജില്ലയില്‍ 5162 പേര്‍ നിരീക്ഷണത്തില്‍

post

പാലക്കാട് : ജില്ലയില്‍ കോവിഡ് 19 ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. നിലവില്‍ 5135 പേര്‍ വീടുകളിലും 7 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 19 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലുമായി 5162 പേര്‍ നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. എന്‍.ഐ.വി യിലേക്ക് അയച്ച 169 സാമ്പിളുകളില്‍ ഫലം വന്ന 129 എണ്ണവും നെഗറ്റീവാണ്. ഇതുവരെ 1785 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 1367 ഫോണ്‍ കോളുകളാണ് കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ആരോഗ്യം) കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്. റിപ്പോര്‍ട്ട്  ചെയ്യാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കര്‍ശന നടപടി എടുക്കുന്നതാണ്. മനപ്പൂര്‍വം പകര്‍ച്ചവ്യാധി പരത്തുന്നതായി കണക്കാക്കി ഇത്തരക്കാര്‍ക്കെതിരെ കേസ്സെടുക്കുന്നതാണ്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണ്.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഓ.പി യിലോ കാഷ്വാല്‍റ്റിയിലോ പോകരുത്. അവര്‍ ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡിലേക്ക് മാത്രം എത്തേണ്ടതാണ്. പാലക്കാട് ജില്ലാ ആശുപത്രി, ഗവണ്‍മെന്റ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, താലൂക്ക് ആസ്ഥാന ആശുപത്രി ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, ഗവണ്‍മെന്റ് ട്രൈബല്‍ സ്പഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍, രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ തുടങ്ങിയവര്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന കാലയളവില്‍ വീടുകളില്‍തന്നെ കഴിയേണ്ടതാണ്. സന്ദര്‍ശകരെ യാതൊരു കാരണവശാലും അനുവദിക്കരുത്. കോവിഡ് 19 നിയന്ത്രണം ലക്ഷ്യമാക്കി വരാനിരിക്കുന്ന ദിവസങ്ങളില്‍ പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കേണ്ടതാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക.പുറത്തേക്കിറങ്ങുകയാണെങ്കില്‍ മറ്റുള്ളവരുമായി ഒരു മീറ്റര്‍ അകലം പാലിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി ഒരു വിധത്തിലും ഇടപെടാതിരിക്കുക. സ്വയം രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ഫോണ്‍ വഴി ഡോക്ടറുടെ സഹായം തേടുക.ഗാര്‍ഹിക നിരീക്ഷണത്തിനു കീഴിലുള്ളവര്‍ നിര്‍ബന്ധമായും പുറത്തിറങ്ങാതെ നിര്‍ദ്ദേശിക്കപ്പെട്ട കാലയളവില്‍ വീടുകളില്‍ തന്നെ കഴിയേണ്ടതാണ്. ഈ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് പോലീസ് സഹായം ഉറപ്പു വരുത്തിയിട്ടുണ്ട്. അതിനാല്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിരുത്തരവാദപരമായി പുറമെ ഇറങ്ങി നടക്കുകയും മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്താല്‍ മനപ്പൂര്‍വം പകര്‍ച്ചവ്യാധി പരത്താന്‍ ശ്രമിക്കുന്നു എന്ന കുറ്റം ചുമത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇതിനായി മഫ്ടി പോലീസ് സഹായവും ഉറപ്പു വരുത്തിയിട്ടുണ്ട്. 24X7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189.