വിശ്രമമില്ലാതെ തളിക്കുളത്തെ ആരോഗ്യ പ്രവര്‍ത്തകര്‍

post

തൃശ്ശൂര്‍: ജനങ്ങളില്‍ കോവിഡ് ആശങ്ക വര്‍ധിച്ചുകൊണ്ടിരിക്കേ ഡ്യൂട്ടി സമയം നോക്കാതെ ബോധവത്കരണ പ്രവര്‍ത്തനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ നേരത്തെ ജോലിക്ക് പോകുമെന്നിരിക്കേ അവര്‍ താമസ സ്ഥലങ്ങളില്‍ തിരിച്ചെത്തുന്ന വൈകുന്നേരങ്ങളില്‍ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ആരോഗ്യ പ്രവര്‍ത്തകരും ജാഗ്രതാ സന്ദേശവുമായി എത്തുകയാണ്.

പകല്‍ സമയങ്ങളില്‍ ഹോം ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുകയും വിവരങ്ങള്‍ അറിയുകയും പുതുതായി ക്വാറന്റൈനിലാക്കേണ്ടവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതിന് പുറമേയാണിത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവരെ വിളിച്ചിരുത്തി ബോധവത്കരണ ക്ലാസും നല്‍കുന്നുണ്ട്. പുതിയതായി വരുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ തുടരണമെന്ന് നിര്‍ദ്ദേശമുള്ളതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ചും വ്യക്തി ശുചിത്വത്തെക്കുറിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ ബോധവത്കരണം നല്‍കുന്നുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. പി. ഹനീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ. എ. ജിതിന്‍, പി. എം. വിദ്യാസാഗര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.