നിരീക്ഷണത്തിനും വിവര ശേഖരണത്തിനും വെബ് അപ്ലിക്കേഷന്‍

post

പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനും സംവിധാനം 

കോഴിക്കോട്: കൊറോണയുടെ വ്യാപനം തടയുന്നതിനായി കൃത്യമായ ദൈനംദിന നിരീക്ഷണത്തിനും ഡാറ്റ ശേഖരണത്തിനും സമഗ്രവും ലളിതവുമായ സംവിധാനവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. കൊറോണ വൈറസ് സംശയിക്കുന്ന ആളുകളുടെ ദൈനദിന നിരീക്ഷണത്തിനായുള്ള സമഗ്ര വികേന്ദ്രീകൃത ഓണ്‍ലൈന്‍ മാനേജ്‌മെന്റ് സംവിധാനമാണ് വികസിപ്പിച്ചിട്ടുള്ളത്. കേവിഡ് 19 ജാഗ്രത എന്നാണ് പ്രോഗ്രസീവ് വെബ് അപ്ലിക്കേഷന്റെ പേര്. https://kozhikode.nic.in/covid19jagratha ലിങ്കില്‍ അപ്ലിക്കേഷന്‍ ലഭിക്കും. 

ജില്ലയിലെ കോവിഡ് 19 സംശയിക്കുന്ന വ്യക്തികളുടെ സമ്പൂര്‍ണ വ്യക്തിഗത വിവരങ്ങള്‍, യാത്ര വിവരങ്ങള്‍, ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ഇതില്‍ ശേഖരിച്ച് സൂക്ഷിക്കാനാകും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമയനഷ്ടമില്ലാതെ വിവരങ്ങള്‍ ശേഖരിക്കാനും പരിഹരിക്കാനുള്ള ലളിതമായ സംവിധാനം, ഹോം ക്വാറന്റയിനില്‍ / ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കാനുള്ള സംവിധാനം, പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള സംവിധാനം, പ്രധാനപ്പെട്ട ഫോണ്‍ നമ്പറുകള്‍, ഇന്‍ഫര്‍മേഷന്‍ എജുക്കേഷന്‍ കമ്മ്യൂണിക്കേഷന്‍ ക്യാമ്പയിന്‍ പ്രചരണ വസ്തുക്കള്‍, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ ലഭ്യമാണ്. 

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കാനും, പൊതുജനങ്ങള്‍ക്ക്  നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയെ സംബന്ധിച്ചോ മറ്റെന്തെങ്കിലുമോ പരാതികള്‍ അറിയിക്കുന്നതിനും സഹായം തേടുന്നതിനും കോവിഡ് ജാഗ്രത എന്ന വെബ്‌സൈറ്റിലൂടെ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ ജില്ലാ ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂം, പോലീസ് കണ്‍ട്രോള്‍ റൂം എന്നിവര്‍ നിരീക്ഷിച്ച് ഉടന്‍ പ്രശ്‌ന പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

സഹായം അഭ്യര്‍ത്ഥിക്കുന്നതിനും പരാതികള്‍ അറിയിക്കുന്നതിനായി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂം വഴിയും പരാതികള്‍ അറിയിക്കാവുന്നതാണ്. ജില്ലാ കണ്‍ട്രോള്‍ റൂം: 0495 2373901, 2371471, 2371002.