കോവിഡ് 19 പ്രതിരോധത്തിന് ജുവനൈല്‍ ജസ്റ്റിസ് സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി

post

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19  രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജുവനൈല്‍ ജസ്റ്റിസ് സ്ഥാപനങ്ങളിലെ കുട്ടികളും ജീവനക്കാരും അടിയന്തരമായി സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാതാപിതാക്കള്‍ ഉള്ള കുട്ടികള്‍ക്ക് സ്വന്തം വീടുകളാണ് സുരക്ഷിതമെങ്കില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവോടുകൂടി അവരവരുടെ വീടുകളിലേയ്ക്ക് വിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

സ്ഥാപനത്തിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും കൃത്യമായ ഇടവേളകളില്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ കൊറോണ രോഗ നിയന്ത്രണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കണം. ഇതിനായി എല്ലാ സൂപ്രണ്ടുമാരും അതത് സ്ഥലങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. ജീവനക്കാരും കുട്ടികളും പുറത്ത് പോയി വരുമ്പോള്‍ കൈകാലുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.

സ്ഥാപനത്തില്‍ സാനിറ്റെസര്‍, ഹാന്റ് വാഷ് എന്നിവ നിര്‍ബന്ധമായും സൂക്ഷിക്കണം. ഇതിനാവശ്യമായ തുക ഐ.സി.പി.എസ്. കണ്ടിജന്‍സി ഇനത്തില്‍ നിന്നും വഹിക്കാം. കുട്ടികളുടെ വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് സൊല്യൂഷനില്‍ കുറഞ്ഞത് 20 മിനിട്ട് എങ്കിലും മുക്കിവച്ചതിന് ശേഷം കഴുകണം. കുട്ടികള്‍ക്ക്/ജീവനക്കാര്‍ക്ക് പനിയോ, ചുമയോ, ജലദോഷമോ മറ്റ് ശ്വസന സംബന്ധമായ രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കുട്ടികളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. സ്ഥാപനങ്ങളില്‍ സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം.

കുട്ടികള്‍ക്കുള്ള വിനോദയാത്ര ഈ സമയത്ത് കര്‍ശനമായി ഒഴിവാക്കണം. ജീവനക്കാര്‍ പൊതുപരിപാടികളില്‍ നിന്നും പരമാവധി വിട്ടുനില്‍ക്കണം. കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രതിദിനം ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.